ആരോഗ്യകേന്ദ്രം നിർമാണോദ്ഘാടനം: എംഎൽഎയെ ഒഴിവാക്കി, പ്രതിഷേധവുമായി എംഎൽഎ ചടങ്ങിനെത്തി
1488090
Wednesday, December 18, 2024 6:58 AM IST
പരിയാരം: എംഎൽഎയെ ക്ഷണിക്കാതെ ആരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം, പ്രതിഷേധവുമായി ക്ഷണിക്കാതെതന്നെ ചടങ്ങിൽ പങ്കെടുത്ത് സനീഷ് കുമാർ ജോസഫ് എംഎൽഎ.
പരിയാരം ഗ്രാമപഞ്ചായത്താണ് എംഎൽഎയെ ഒഴിവാക്കി ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ നിർമാണോദ്ഘാടനം നടത്താൻ ശ്രമിച്ചത്. പിലാർമുഴിയിലാണ് ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയവിവേചനം കാണിച്ചതാണെന്നാണ് ആരോപണം.
ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാഫലകത്തിലും എംഎൽഎയുടെ പേര് ഒഴിവാക്കി. തന്നെ അറിയിക്കാതെ പഞ്ചായത്ത് നടത്തുന്ന ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് എംഎൽഎ പ്രതിഷേധിച്ചത്.
സദസിൽ മൗനമായി ഇരുന്നു പ്രതിഷേധിച്ച എംഎൽഎ, സമ്മേളനപരിപാടികൾക്കുശേഷം വേദിയിലെത്തി പ്രസംഗിച്ചു. 55 ലക്ഷം രൂപവീതം പരിയാരം പഞ്ചായത്തിലെ മൂന്ന് ആരോഗ്യകേന്ദ്രങ്ങൾക്ക് അനുവദിച്ചതു തന്റെ ശ്രമഫലമായാണെന്നും എന്നിട്ടും ചടങ്ങിൽ തന്നെ പങ്കെടുപ്പിക്കാത്തതിൽ വേദനയുണ്ടെന്നും എംഎൽഎ പറഞ്ഞു.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രസിഡന്റ് ഡസ്റ്റിൻ താക്കോൽക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് പ്രസംഗിച്ചു.