അനുഗ്രഹനിറവിൽ പുറനാട്ടുകര ഇടവക; ഒരേദിനത്തിൽ അഞ്ചുപേർക്കു തിരുപ്പട്ടം
1488458
Thursday, December 19, 2024 8:37 AM IST
പുറനാട്ടുകര: ഇടവകാംഗങ്ങളായ അഞ്ചുപേർ ഒരേദിനത്തിൽ ഒന്നിച്ച് തിരുപ്പട്ടം സ്വീകരിക്കുന്നതിന്റെ അനുഗ്രഹനിറവിലാണ് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ ഇടവക. ഡീക്കൻമാരായ ജാക്സൻ തെക്കേക്കര, ആൽവിൻ പട്ട്യേക്കൽ, ജീസ് അക്കരപട്ട്യേക്കൽ, ലിൻസണ് അക്കരപ്പറന്പിൽ എന്നിവർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്തിൽനിന്നും, ഡീക്കൽ ആൽബിൻ വടുക്കൂട്ട് ബാലസോർ രൂപത മെത്രാൻ മാർ വർഗീസ് തോട്ടംകരയിൽനിന്നുമാണ് കൈവയ്പുശുശ്രൂഷവഴി തിരുപ്പട്ടമേൽക്കുന്നത്. 28നു രാവിലെ ഒന്പതിനു തിരുക്കർമങ്ങൾ ആരംഭിക്കും. തിരുപ്പട്ടസ്വീകരണത്തിനുശേഷം അഞ്ചുപേരുമൊന്നിച്ചു പ്രഥമ വിശുദ്ധകുർബാനയർപ്പണം നടത്തും.
ഒരേ ഇടവകയിൽനിന്ന് ഒറ്റദിവസം അഞ്ചുപേർ പൗരോഹിത്യം സ്വീകരിക്കുന്നതു സീറോ മലബാർ സഭയുടെ ചരിത്രത്തിൽതന്നെ അത്യപൂർവമാണ്.
പുറനാട്ടുകര മരതക റോഡിൽ തെക്കേക്കര ടോണിയുടെയും റീനയുടെയും മകനാണ് ജാക്സൻ. സഹോദരി: ജാസ്മിൻ. മാനിടം റോഡിൽ പട്ട്യേക്കൽ വർഗീസിന്റെ മകനാണ് ആൽവിൻ. അമ്മ ആനി അടാട്ട് ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരൻ: ആൽബർട്ട്. പുറനാട്ടുകര വടക്കൂട്ട് ഔസേപ്പ്- വിഞ്ചൻസ ദന്പതികളുടെ മകനാണ് ആൽബിൻ. സഹോദരൻ: ആൽബർട്ട്. ചിറ്റിലപ്പിള്ളി റോഡിൽ അക്കരപട്ട്യേക്കൽ ഷാജൻ-ജാൻസി ദന്പതികളുടെ മകനാണ് ജീസ്. സഹോദരങ്ങൾ: ജിന്റോ, മേരിമോൾ. അടാട്ട് അക്കരപ്പറന്പിൽ പോൾസണ്‍-ലീന ദന്പതികളുടെ മകനാണ് ലിൻസണ്. സഹോദരി: ലിംന.
തിരുപ്പട്ടത്തിന് ഒരുക്കമായി ഫാ. ബേർണി കപ്പൂച്ചിൻ നയിക്കുന്ന പ്രത്യേക ധ്യാനം 20, 21, 22 തീയതികളിൽ നടക്കും. പതാകദിനമായി ആചരിക്കുന്ന 22 നു രാവിലെ പള്ളിയിലും തുടർന്ന് എല്ലാ കുടുംബങ്ങളിലും പേപ്പൽ പതാകകൾ ഉയർത്തും.
തിരുപ്പട്ടദിനത്തിൽ രാവിലെ 8.30നു മുതുവറയിൽനിന്ന് ബിഷപ്പുമാരെയും ഡീക്കൻമാരെയും ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെ ആനയിക്കും. പള്ളിനടയിൽ വികാരി ഫാ. ജോണ്സണ് അയിനിക്കൽ, അസി. വികാരി ഫാ. തോമസ് ഊക്കൻ, കൈക്കാരൻമാർ, കമ്മിറ്റി കണ്‍വീനർമാർ തുടങ്ങിയവരും ഇടവകാംഗങ്ങളും ചേർന്നു സ്വീകരിക്കും. തിരുക്കർമങ്ങൾക്കുശേഷം സ്നേഹവിരുന്നും ഉണ്ടാകും.
29നു വൈകീട്ട് ആറിനു പള്ളിയങ്കണത്തിൽ ചേരുന്ന അനുമോദനയോഗത്തിൽ മത-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കുടുംബകൂട്ടായ്മകളും ഭക്തസംഘടനകളും കലാപരിപടികൾ അവതരിപ്പിക്കും.