പുൽക്കൂടുകളിൽ ഇനി വെണ്ണക്കൽശില്പചാരുതയും
1488089
Wednesday, December 18, 2024 6:57 AM IST
സി.ജി. ജിജാസൽ
തൃശൂർ: മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും ഉൾപ്പെടുന്ന തിരുക്കുടുംബം. അവരെ കാണാനെത്തുന്ന രാജാക്കന്മാർ, ആട്ടിടയന്മാർ, ഒപ്പം ഒട്ടകവും ആടുകളും അടങ്ങുന്ന ഒരു കൂട്ടവും. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ഒരുക്കുന്ന പുൽക്കൂടുകളിൽ ഇവയൊന്നുമില്ലാത്ത ഒരു കാഴ്ച സങ്കല്പിക്കാൻകൂടി കഴിയില്ലെന്നുവേണം പറയാൻ.
മനുഷ്യമനസുകളിൽ അത്രമേൽ പതിഞ്ഞുപോയ ഈ കാഴ്ചകൾ ഒരുക്കാൻ പുൽക്കൂടുകൾമാത്രം പോരാ. അതുകൊണ്ടുതന്നെ ഓരോ ക്രിസ്മസ് കാലത്തും വിപണികളിൽ ക്രിബ് സെറ്റ് തേടി വരുന്നവർ നിരവധിയാണ്. കെട്ടിലും മട്ടിലും വ്യത്യസ്തമായ പുൽക്കൂടുകൾ റെഡിമെയ്ഡായി ലഭ്യമാകുന്പോഴും ക്രിബ് സെറ്റിൽമാത്രം വലിയ മാറ്റങ്ങൾ ഉണ്ടാകാത്തതു പലരെയും നിരാശരാക്കാറുണ്ടായിരുന്നു. എന്നാൽ പതിവിനു വിരുദ്ധമായി ഇത്തവണ അതിലും വലിയ പുതുമകളാണ് സംഭവിച്ചിട്ടുള്ളത്.
മണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും നിർമിച്ച ആ പഴയ രൂപങ്ങളിൽനിന്നു വ്യത്യസ്തമായി അഴകും മിഴിവും പതിന്മടങ്ങ് വർധിച്ച രൂപങ്ങൾ നിറഞ്ഞ വിപണിയിൽ ഏവരുടെയും കണ്ണും മനസും കീഴടക്കിയിരിക്കുകയാണ് പോളി മാർബിളിൽ തീർത്ത രൂപങ്ങൾ. വെണ്ണക്കൽ ശില്പചാരുതയിൽ ഒരുക്കിയ രൂപങ്ങളിൽ അഴകായി വിരിയുന്ന സ്വർണവർണവും മാറ്റു വർധിപ്പിക്കുന്നു. അല്പം വില കൂടുതലാണെങ്കിലും തിളക്കം നഷ്ടപ്പെടാതെ ഏറെക്കാലം ഉപയോഗിക്കാമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.
പല നിറങ്ങളിലുള്ള പോളി മാർബിൾ രൂപങ്ങളും കാഴ്ചക്കാരുടെ മനസ് കീഴടക്കുന്നതാണ്. മൂന്നിഞ്ചുമുതൽ 12 ഇഞ്ചുവരെയാണ് വലിപ്പം. മൂന്നിഞ്ച് വലിപ്പമുള്ളതിന് 550 രൂപയും രണ്ടിഞ്ച് വലിപ്പം വരുന്നതിന് 350 രൂപയുമാണ് നിരക്ക്.
പൊതുവെ ക്രിബ് ഐറ്റംസിൽ ആടുകളും മാടുകളും ആട്ടിടയന്മാരും ഉൾപ്പെടെ 18 രൂപങ്ങളാണ് ഉള്ളതെങ്കിൽ ഇവയിൽ എണ്ണം അത്രയും ഉണ്ടാകില്ലെന്നു കച്ചവടക്കാർ പറയുന്നു. വിലക്കുറവുള്ള രൂപങ്ങൾ മതിയെങ്കിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത രൂപങ്ങളും ലഭ്യമാണ്. എന്നാൽ പഴയ നിറംകുറവുള്ള രൂപങ്ങൾ അല്ല, നല്ല തിളക്കമുള്ള രൂപങ്ങളാണ് ഇത്തവണ പ്ലാസ്റ്റർ ഓഫ് പാരീസിലും നിർമിച്ചിരിക്കുന്നത്. മൂന്നിഞ്ചുമുതലുള്ള ഇവയ്ക്കു 140 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 10 ഇഞ്ച് ഉള്ളതിന് 860 രൂപയാണ് വില.
നഗരത്തിലെ മാർക്കറ്റിൽ വരുന്ന രൂപങ്ങളിൽ കൂടുതലും തൃശൂരിൽതന്നെ നിർമിക്കുന്നതാണെന്ന പ്രത്യേകതയുമുണ്ട്. ഓരോരോ രൂപങ്ങൾമാത്രമായി വാങ്ങാൻ കഴിയുന്നതും ഇത്തവണ ക്രിസ്മസ് വിപണിയെ വ്യത്യസ്തമാക്കുന്നുണ്ട്. ഉണ്ണിയേശുവും മാലാഖയും ആടും ആട്ടിടയന്മാരും ഉൾപ്പെടെയുള്ള രൂപങ്ങളിൽ ആവശ്യമുള്ളതുമാത്രം വാങ്ങാൻ സാധിക്കുമെന്നതും വളരെ ആശ്വാസം നൽകുന്നതാണ്. 40 രൂപ മുതലാണ് ഇത്തരത്തിലുള്ള രൂപങ്ങൾക്കു വില.