മദ്യം, മയക്കുമരുന്നു കടത്ത് : കടലിൽ വലവിരിച്ചു സംയുക്തസേന
1488459
Thursday, December 19, 2024 8:37 AM IST
അഴീക്കോട്: മദ്യം, മയക്കുമരുന്നു കടത്തു തടയാൻ കരയിൽനിന്നു 12 നോട്ടിക്കൽ മൈൽ ദൂരെ കടലിൽ പരിശോധന നടത്തി മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ്, അഴീക്കോട് തീരദേശ പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്തസേന.
അഴീക്കോട് മുനയ്ക്കൽ മുതൽ ചേറ്റുവവരെയുള്ള സ്ഥലങ്ങളിൽനിന്നു കടലിൽപോയ മത്സ്യബന്ധന ബോട്ടുകളാണു പരിശോധിച്ചത്. അഴിമുഖംവഴി കടലിലേക്കു കയറിയ ബോട്ടുകളും പരിശോധിച്ചു.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ മുന്നിൽക്കണ്ട് മുൻവർഷങ്ങളിൽ ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽനിന്നു കടൽമാർഗം മദ്യവും സ്പിരിറ്റും കഞ്ചാവും എത്തിയതു പിടികൂടിയിരുന്നു. ഇത്തവണയും മയക്കുമരുന്നുകടത്തുണ്ടാകുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസുകളെയും ഉൾപ്പെടുത്തിയുള്ള സംയുക്ത പരിശോധന.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻന്റ് ഡയറക്ടർഎം.എഫ്. പോൾ, എഫ്ഇഒ സുമിത, എക്സൈസ് സിഐ എൻ. ശങ്കർ, ബാലസുബ്രഹ്മണ്യൻ, അഴീക്കോട് കോസ്റ്റൽ എസ്ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപ്, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ഉണ്ണികൃഷ്ണൻ, ഐ.വി. എൽദോ, മറൈൻ എൻഫോഴസ്മെന്റ് വിംഗ് ആൻഡ് വിജിലൻസ് ഓഫീസർമാരായ ഷിനിൽകുമാർ, വി.എം. ഷൈബ, വി.എൻ. പ്രശാന്തകുമാർ, സീറെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ, വിജീഷ് എന്നിവരും പങ്കെടുത്തു.