കേന്ദ്രാനുമതി ലഭിച്ചിട്ടും കൊടുത്തുതീർക്കാത്ത പട്ടയങ്ങളേറെ
1461602
Wednesday, October 16, 2024 7:17 AM IST
തൃശൂർ: കേന്ദ്രാനുമതി ലഭിച്ചിട്ടും തൃശൂർ താലൂക്കിൽ 853 വനഭൂമി പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി വിവരാവകാശരേഖ.
അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ വിവരാവാകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് തൃശൂർ ജില്ലയിൽ 2016-2021 കാലഘട്ടത്തിൽ കൊടുത്തതും കൊടുക്കാത്തതുമായ പട്ടയങ്ങളുടെ കണക്ക് പുറത്തുവന്നത്.
ഈ കാലയളവിൽ തൃശൂർ താലൂക്കിൽ 647 വനഭൂമി പട്ടയങ്ങളാണ് വിതരണം ചെയ്തത്. എന്നാൽ, കേന്ദ്രാനുമതി ലഭിച്ചിട്ടും പട്ടയംകൊടുക്കാതെ 853 അപേക്ഷകൾ തൃശൂർ താലൂക്കിലുണ്ടെന്നും വിവരാവകാശരേഖ പറയുന്നു.
സ്വന്തം ലേഖകൻ
കുന്നംകുളം താലൂക്കിലാകട്ടെ കേന്ദ്രാനുമതി സമർപ്പിക്കാനുള്ള ലിസ്റ്റിൽ 20 വനഭൂമി പട്ടയങ്ങളുണ്ട്.
വനഭൂമിയുമായി ബന്ധപ്പെട്ട് 34 അപേക്ഷകൾ തലപ്പിള്ളി താലൂക്കിലുമുണ്ട്.
ചാലക്കുടി താലൂക്കിൽ 1322 അപേക്ഷകൾ വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രനാനുമതിക്ക് അയയ്ക്കാൻ തയാറായി വരുന്നുണ്ടെന്നാണ് വിവരം. ഇവിടെ 284.651 ഹെക്ടർ ഭൂമിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടും പട്ടയം കൊടുക്കാതിരിക്കുകയാണത്രെ.
ഇതു തൃശൂരിലെ മാത്രം കാര്യമാണ്. സംസ്ഥാനവ്യാപക കണക്കെടുത്താൽ പട്ടയം കൊടുക്കാനുള്ളതിന്റെ കണക്ക് കുത്തനേ ഉയരുമെന്നതിൽ സംശയമില്ല.