ഫാ. ഡൊമിനിക് വാളന്മനാല് നയിക്കുന്ന കൃപാഭിഷേകം കണ്വന്ഷന് 16 മുതല്‍
1460582
Friday, October 11, 2024 7:01 AM IST
പുതുക്കാട്: വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധ വചനപ്രഘോഷകൻ ഫാ. ഡൊമിനിക് വാളന്മനാല് നയിക്കുന്ന ബൈബിള്‍ കണ്വന്ഷന് "കൃപാഭിഷേകം-24' വെണ്ടോര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ 16 മുതല്‍ 20 വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, അസി. വികാരി ഫാ. ബെന്വിന് തട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജെയ്സണ്‍ മഞ്ഞളി, ട്രസ്റ്റി ഡോണ്‍ കല്ലൂക്കാരന് എന്നിവര്‍ അറിയിച്ചു. ദിവസവും വൈകീട്ട് നാലുമുതല്‍ രാത്രി 9.30 വരെയാണ് കണ്വന്ഷൻ. 16 നു വൈകീട്ട് നാലിനു ജപമാലയോടെ ആരംഭിക്കും.
കണ്വന്ഷൻ പന്തലിന്റെയും ധ്യാനവേദിയുടെയും വെഞ്ചരിപ്പ് ആർച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. 20 ന് അതിരുപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ സമാപനസന്ദേശം നല്‍കും.
എല്ലാ ദിവസവും വൈകീട്ട് 4.30 ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് രാത്രി 9.30 വരെ ഫാ. ഡൊ മിനിക് വാളന്മനാല് നയിക്കുന്ന ദൈവവചന പ്രഘോഷണം, കൃപാഭിഷേക ശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.
സമാപനദിനമായ 20 ന് രാവിലെ 9.30 മുതല്‍ 1.30 വരെ തൃശൂര്‍ അതിരൂപതയിലെ യുവജനങ്ങള്‍ പങ്കെടുക്കുന്ന മെഗാ യുവജന ബൈബിള്‍ കണ്‍വന്‍ഷനും വിടുതല്ശുശ്രുഷയും നടക്കും. ഫാ. ഡൊമിനിക് വാളന്മനാല് നേതൃത്വം നൽകും. കണ്വന്ഷന്ദിനങ്ങളില് സ്പിരിച്വല്‍ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടാകും. കണ്‍വന്‍ഷന്റെ നടത്തിപ്പിനായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് പങ്കെടുക്കാവുന്നരീതിയില്‍ വിപുലമായ പന്തലും അനുബന്ധസൗകര്യങ്ങളുമാണ് പള്ളിയിലും സമീപഗ്രൗണ്ടിലുമായി ക്രമീകരിച്ചിരിക്കുന്നത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്ന രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹന പാര്‍ക്കിംഗിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആമ്പല്ലൂര്‍ ജംഗ്ഷന് മുതല്‍ വെണ്ടോര്‍ പള്ളിയുടെ സമീപം വരെ വിവിധ ഇടങ്ങളിലായി 14 ഓളം പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തൃശൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ വാഹനഗതാഗതം നിയന്ത്രിക്കും. കണ്വന്ഷന് കഴിഞ്ഞ് വിശ്വാസികള്‍ക്കു വീടുകളിലേക്കു മടങ്ങിപ്പോകുന്നതിനായി പ്രത്യേക വാഹനസൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.