കുട്ടികളുടെ യാത്രാദുരിതം: ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി സര്‍വീസ്, ജില്ലാ കളക്ടറുടെ ഉറപ്പ്
1460265
Thursday, October 10, 2024 8:21 AM IST
തൃശൂർ: സ്കൂളിലേക്കുള്ള ബസ് യാത്രയിൽ നേരിടുന്ന ദുരിതങ്ങൾ ജില്ലാ കളക്ടർക്കുമുന്പിൽ അവതരിപ്പിച്ച് എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികൾ. മീറ്റ് യുവര്‍ കളക്ടര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ.
കുട്ടികൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്ന ജില്ലാ കളക്ടർ അര്ജുന് പാണ്ഡ്യന് വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാര്‍ക്കു പ്രത്യേക പരിശീലനം നല്‍കാമെന്നും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസ് ആരംഭിക്കാമെന്നും പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചചെയ്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്നും ഉറപ്പുനല്‍കി.
സ്കൂളിന്റെ അടിസ്ഥാനവികസനത്തിനും ഗ്രൗണ്ട് നവീകരണത്തിനും ലാബ് സൗകര്യം വര്‍ധിപ്പിക്കാനും സഹായം നല്‍കണമെന്നും നീന്തല്‍ പരിശീലനം ആവശ്യമാണെന്നും കുട്ടികൾ പറഞ്ഞു.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, ദുരന്തനിവാരണം എന്നിവയെക്കുറിച്ചും ചർച്ചചെയ്തു. സിവില്‍ സര്‍വീസ് നേടാന്‍ എന്തുചെയ്യണമെന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളും കളക്ടർ വിദ്യാര്‍ഥികളോടു പങ്കുവച്ചു.