മുത്തുള്ളിയാലിൽ സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രികനു പരിക്ക്
1459757
Tuesday, October 8, 2024 8:09 AM IST
ചേർപ്പ്: മുത്തുള്ളിയാലിൽ ബസ് ഇടിച്ചുതെറിപ്പിച്ച് കാൽനടയാത്രികനായ യുവാവിനു പരിക്ക്. മുത്തുള്ളിയാൽ കാക്കശേശി സാദിഖി(30)നാണു പരിക്കേറ്റത്. ഇന്നലെ രാത്രി 7.15നായിരുന്നു സംഭവം. ഇടിച്ച സ്വകാര്യബസ് നിർത്താതെപോയി. ബസ് ഡ്രൈവർ സമീപവാസിയായ ബസ് ഉടമയെ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് ഇയാൾ എത്തി നടത്തിയ തെരച്ചിലിലാണു തലയ്ക്കു പരിക്കേറ്റ് റോഡരികിലെ പൊന്തക്കാട്ടിൽ കിടക്കുകകയായിരുന്ന സാദിഖിനെ കണ്ടത്. സാദിഖിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽനിന്നു വീണ് സ്കൂൾവിദ്യാർഥിക്കു പരിക്ക്
എരുമപ്പെട്ടി: നെല്ലുവായിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു വീണ് വിദ്യാർഥിക്കു പരിക്കേറ്റു. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും തിച്ചൂർ സ്വദേശിയുമായ നെല്ലിക്കുന്ന് 12 വയസുള്ള രൂപേഷാണു വീണത്. ഇന്നലെ വൈകീട്ട് 4.30നു മുല്ലയ്ക്കൽ പാണാട്ടുകാവിനു സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ രൂപേഷിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.