മുണ്ടകൻകൃഷിയറിയാൻ ദേവമാത വിദ്യാർഥികൾ
1459756
Tuesday, October 8, 2024 8:09 AM IST
തൃശൂർ: കിഴക്കോട്ടു തിരിഞ്ഞുനിന്ന് വിത്തെറിയാൻ പരിശീലിച്ച് ദേവമാതയിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ. പാഠപുസ്തകത്തിലെ കൃഷിരീതിപഠനവുമായി ബന്ധപ്പെട്ടാണ് തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ അൻപതോളം വിദ്യാർഥികൾ പുഴയ്ക്കൽ പാടത്തെ പറഞ്ചിറയിൽ അഞ്ച് ഏക്കറോളം വരുന്ന പാടത്തു വിത്തെറിയൽ, ഞാറുനടീൽ എന്നിവ പരിശീലിക്കാൻ എത്തിയത്.
സ്ഥലം ഉടമയും കർഷകനുമായ ബേബി ജോണ് മുണ്ടകൻകൃഷിയുടെ ബാലപാഠങ്ങൾ പകർന്നുനൽകി. കൃഷി ചെയ്യുന്പോൾ അറിയേണ്ട ശാസ്ത്രീയവശങ്ങൾ വിദ്യാർഥികൾ പരിശീലിച്ചു. മണ്ണിലിറങ്ങി വിത്തിട്ടതു വിദ്യാർഥികൾക്കു വേറിട്ട അനുഭവമായി. കോഓർഡിനേറ്റർ കെ.ടി. ഷോയ്, അധ്യാപിക എം.എസ്. ആതിര എന്നിവരും പങ്കെടുത്തു.
അന്യംനിന്നുപോകുന്ന നെൽകൃഷിയെ തിരിച്ചുകൊണ്ടുവരാൻ കർഷകൻ നൽകിയ ബോധവത്കരണവും ശ്രവിച്ചാണ് വിദ്യാർഥിക്കൂട്ടം മടങ്ങിയത്.