കെഎസ്ആർടിസി ബസ് സ്റ്റാൻഡ് : മുഴങ്ങുമോ വികസനത്തിന്റെ ഡബിൾ ബെൽ ?
1459540
Monday, October 7, 2024 7:14 AM IST
സി.ജി. ജിജാസൽ
തൃശൂർ: അകത്തോ, പുറത്തോ ആകട്ടെ, യാത്രക്കാർക്കു വെല്ലുവിളിയായി മാറുകയാണു തൃശൂർ കെ എസ്ആർടിസി സ്റ്റാൻഡ്. വികസനം പ്രഹസനമായി മാറിയ സ്റ്റാൻഡിൽ, ജീവൻ കൈയിൽപിടിച്ചാണ് യാത്രക്കാർ പ്രതിദിനം കടന്നുപോകുന്നത്. പൊളിയാറായ കെട്ടിടങ്ങൾ, തകർന്നു തരിപ്പണമായ കോന്പൗണ്ട്, മഴപെയ്താൽ കനത്ത വെള്ളക്കെട്ട്, ഒപ്പം ഇടമില്ലാതെ നട്ടംതിരിയുന്ന ബസുകളും! വികസനമെന്ന സ്വപ്നം പൂവണിയാൻ എത്രനാൾ കാത്തിരിക്കണമെന്ന ചോദ്യത്തിന് വാഗ്ദാനങ്ങൾ തടസമില്ലാതെ നടത്തുന്നുമുണ്ട്.
മുന്പേ സ്ഥലമില്ലാതെ വലഞ്ഞ സ്റ്റാൻഡിൽ പെട്രോൾ പന്പുകൂടി വന്നതോടെ ദുരിതമേറി. ഉണ്ടായിരുന്ന പ്രവേശന കവാടങ്ങളിൽ ഒന്ന് അടഞ്ഞതോടെ ബസുകൾക്കും യാത്രികർക്കും യാത്ര ദുഷ്കരമായി. ബസു കാത്ത് സ്റ്റാൻഡിനുള്ളിൽ വിശ്രമിക്കാമെന്നു കരുതിയാൽ ഏതുസമയവും അടർന്നുവീഴാവുന്ന സീലിംഗ് ഉയർത്തുന്ന ഭീഷണിയും ചെറുതല്ല. കോണ്ക്രീറ്റ് അടർന്ന് തുരുന്പിച്ച കന്പികൾ പുറത്തുകാണാൻ കഴിയുംവിധമാണ് സീലിംഗിന്റെ അവസ്ഥ. മഴപെയ്താൽ കുടപിടിച്ചിരിക്കണം.
വർഷങ്ങൾക്കുമുന്പ് കാഴ്ചപരിമിതരായ ക്രിക്കറ്റ് താരങ്ങൾ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചതോടെ സ്റ്റാൻഡ് അടിമുടി മാറ്റുമെന്നു പറഞ്ഞ ഭരണാധികാരികൾ റെയിൽവേയുമായി ബന്ധപ്പെടുത്തിയാണു വികസനസ്വപ്നങ്ങൾ പങ്കിട്ടത്. ഇതൊക്കെ വാഗ്ദാനങ്ങൾ മാത്രമാണെന്ന് അന്നേ നാട്ടുകാർ പറഞ്ഞു. അതു ശരിയാണെന്നു കാലം തെളിയിച്ചു. വർഷങ്ങൾ കഴിയുന്പോൾ സ്ഥലമേറ്റെടുപ്പും സാന്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണു അധികൃതർ തലയൂരുന്നത്.
ആയിരത്തിലധികം ബസുകളും അതിന്റെ രണ്ടും മൂന്നും ഇരട്ടി യാത്രികരും സ്റ്റാൻഡിലെത്തുന്നു. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ച് ആധുനികവത്കരിച്ചാൽതന്നെ സ്ഥലപരിമിതി പരിഹരിക്കാം. ടയറുകൾ കൂട്ടിയിടുന്ന ഭാഗം ഒഴിവാക്കി ഗാരേജിലേക്കു മാറ്റിയാൽ
ആശ്വാസമാകുമെന്നു ജീവനക്കാർ പറയുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു നിരവധി ബസുകളെത്താറുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വോൾവോ ബസുകൾ സ്റ്റാൻഡിൽ കയറിയാൽ തിരികെയിറങ്ങാൻ പെടാപ്പാടു പെടുന്നതും പതിവുകാഴ്ച. പല അന്തർസംസ്ഥാന ബസുകളും സ്റ്റാൻഡിൽ കയറുന്നില്ലെന്നും ആരോപണമുണ്ട്.
മാസ്റ്റർ പ്ലാനും മുക്കി
മധ്യകേരളത്തിലെ സുപ്രധാന ബസ് ടെർമിനലുകളിൽ ഒന്നായ ഇവിടെ മാസ്റ്റർ പ്ലാൻ രൂപീകരിക്കുമെന്നും സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും വർഷങ്ങൾക്കുമുന്പ് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ വാഗ്ദാനം ചെയ്തിരുന്നു. സ്റ്റാൻഡ് സന്ദർശിച്ചശേഷമായിരുന്നു പ്രതികരണം. ഉറപ്പ് കടലാസിൽ ഒതുങ്ങി.
യാത്രക്കാരുടെ സുരക്ഷയ്ക്കു സിസിടിവിയും വെളിച്ചസംവിധാനങ്ങളും ഒരുക്കിയെന്നാണ് അധികൃതർ അഭിമാനത്തോടെ പറയുന്നത്. പക്ഷേ, ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലേക്കു നോക്കൂ എന്നാണ് യാത്രക്കാർ തിരിച്ചുപറയുന്നു. കൂടുതൽ ബസുകൾ പാർക്ക് ചെയ്യാൻ കഴിയുംവിധമുള്ള വിശദമായ പദ്ധതിയാണ് ഓരോ മന്ത്രിമാരും പ്രഖ്യാപിക്കുന്നത്. ഉള്ള വണ്ടികൾക്കുപോലും ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞില്ലെന്നത് മറ്റൊരു യാഥാർഥ്യം.
പാഴായ പ്രഖ്യാപനങ്ങൾ
സ്റ്റാൻഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങൾ നടത്തിയവർ നിരവധിയാണ്. അതിൽ തിരുവഞ്ചൂരിനു ശേഷമെത്തിയതാണ് മന്ത്രി ശശീന്ദ്രൻ. പതിവുനേതാക്കളെപ്പോലെ വികസനം പ്രഖ്യാപിച്ച അദ്ദേഹം അന്നത്തെ എംഡിയായിരുന്ന എം.ജി. രാജമാണിക്യത്തെ ചുമതലപ്പെടുത്തി. തുടക്കത്തിലെ ആവേശം നിലച്ചപ്പോൾ ആ പ്രഖ്യാപനവും ഇന്ധനം കഴിഞ്ഞ ആനവണ്ടി പോലെ പാതിവഴിയിൽ നിന്നു. പിന്നീടുവന്ന മന്ത്രി സുനിൽകുമാർ വികസനത്തിന് പ്രഖ്യാപിച്ചത് രണ്ടുകോടിയാണ്. റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെടുത്തിയുള്ള വികസനത്തിന് റെയിൽവേയും ഉയർത്തി പച്ചക്കൊടി. ഒരു കാര്യവുമുണ്ടായില്ല. ഒടുവിൽ എല്ലാം ശരിയാക്കാമെന്ന മന്ത്രി ആന്റണി രാജുവിന്റെ വാക്കിനും പഴയ ചാക്കിന്റെ ഗതിയായി!
സൗകര്യങ്ങൾ നശിപ്പിക്കുന്നു
സ്റ്റാൻഡിൽ ദാഹമകറ്റാൻ ആകെയുള്ള കുടിവെള്ള സംവിധാനവും ഇടയ്ക്കിടെ പണിമുടക്കുന്നതായി പരാതിയുണ്ട്. ഇതിനു പിന്നിലും ആരുടെയൊക്കെയോ കരങ്ങൾ കരുതിക്കൂട്ടി പ്രവർത്തിക്കുന്നതായാണ് പരാതി. മിൽമയുമായി സഹകരിച്ച് ഒരുക്കിയ മിൽമ ബൂത്തും കെഎസ്ആർടിസിയുടെ ബസ്റ്റോറന്റും നോക്കുകുത്തിയായി. ഇവ തുറക്കണമെന്നു യാത്രക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും അധികൃതർക്ക് താത്പര്യമില്ല. തുറക്കുന്നില്ലെങ്കിൽ, അവ നീക്കിയാൽതന്നെ സ്റ്റാൻഡിൽ രണ്ടു ബസുകൾക്കു പാർക്ക് ചെയ്യാൻ കഴിയും.