കടങ്ങോട് കാർ മറിഞ്ഞ് അഞ്ച് യുവാക്കൾക്കു പരിക്ക്
1459353
Sunday, October 6, 2024 7:11 AM IST
എരുമപ്പെട്ടി: കടങ്ങോട് പാറപ്പുറത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് യുവാക്കൾക്കു പരിക്കേറ്റു. പുതുരുത്തി സ്വദേശികളായ അതുൽ (21), റാഫി (21), അനൂജ് (22), ഏൻവിൻ (20), അലൻ (20) എന്നിവർക്കാണു പരിക്കുപറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. അക്കിക്കാവ് ഭാഗത്തുനിന്നു വന്നിരുന്ന കാർ പാറപ്പുറം സ്കൂൾ കഴിഞ്ഞുള്ള പാടശേരത്തിൽവച്ചാണു മറിഞ്ഞത്.
റോഡിൽ മൂന്നുതവണ മറിഞ്ഞ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ചുനിന്നു. കാർ താഴ്ചയിലുള്ള പാടത്തേയ്ക്കു മറിയാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കാർ റോഡരികിലുണ്ടായിരുന്ന സ്കൂട്ടറിലും ഇടിച്ചിട്ടുണ്ട്. കാർ പൂർണമായും തകർന്നു. സ്കൂട്ടറിനും ട്രാക്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല.