മേല്‍പാലത്തിനു ചുവട്ടിലെ സാമൂഹ്യവിരുദ്ധശല്യം : നടൻ ശിവജി ഗുരുവായൂരും അജു എം. ജോണിയും അനിശ്ചിതകാല നിരാഹാരം തുടങ്ങി
1459351
Sunday, October 6, 2024 7:11 AM IST
ഗുരുവായൂർ: മേല്‍പാലത്തിനു ചുവട്ടിലെ സാമൂഹ്യവിരുദ്ധശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഗുരുവായൂർ മേല്‍പാലത്തിനു സമീപത്തെ കച്ചവടക്കാർ ചേർന്നു രൂപീകരിച്ച എസ്ജിഎമ്മിന്റെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചു.
എസ്ജിഎം പ്രസിഡന്റ് നടൻ ശിവജി ഗുരുവായൂരും സെക്രട്ടറി അജു എം. ജോണിയുമാണ് അനിശ്ചിതകാലനിരാഹാരം തുടങ്ങിയത്. മഞ്ജുളാൽ പരിസരത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ ഇന്നലെ രാവിലെ 10നു നിരാഹാരസമരം ആരംഭിച്ചു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മേല്‍പാലത്തിനു സമീപത്തെ വ്യാപാരികൾ കടകൾ അടച്ചു.
നിരാഹാരസമരം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ഷൈജന്‍ വത്സന്, എം.വി. ബിജു, അക്ബര്‍ പേരകം, ജവഹര്‍ വെട്ടത്ത്, വി.എസ്. സുനീവ്, സുവര്‍ണ ഉണ്ണികൃഷ്ണന്, ബാലന് വാറണാട്ട്, ഹക്കീം ഇമ്പാറക്ക് തുടങ്ങിയവർ സംസാരിച്ചു.
റെയിൽവേ മേല്‍പാലത്തിനു താഴെ സാമൂഹ്യവിരുദ്ധർ താവളമാക്കി അനാശാസ്യ പ്രവർത്തനങ്ങളും മോഷണങ്ങളും വർധിച്ചിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണു സമരം തുടങ്ങിയതെന്നാണു പ്രതിഷേധക്കാർ പറയുന്നത്.
തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ ദേവസ്വവും നഗരസഭയും ചേർന്നു പദ്ധതി തയാറാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.