കുട്ടൻകുളങ്ങര ശ്രീനിവാസൻ ചരിഞ്ഞു
1458911
Friday, October 4, 2024 7:07 AM IST
തൃശൂർ: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊന്പൻ കുട്ടൻകുളങ്ങര ശ്രീനിവാസൻ ചരിഞ്ഞു. ഇന്നലെ രാവിലെ ഒന്പതിനാണ് ചരിഞ്ഞത്. 43 വയസുണ്ട്. ഒരുമാസമായി ചികിത്സയിലായിരുന്നു.
1991ലാണ് തൃശൂർ പൂങ്കുന്നം കുട്ടൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ കൊന്പനെ നടയ്ക്കിരുത്തിയത്. ലക്ഷണത്തികവുകൊണ്ടും അതിശയിപ്പിക്കുന്ന കൊന്പുവളർച്ചകൊണ്ടും ആനപ്രേമികളുടെ ഇഷ്ടപ്പെട്ട കരിവീരനായി ശ്രീനിവാസൻ മാറി. പാലക്കാട്, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്നു.
കഴിഞ്ഞ തൃശൂർ പൂരത്തിനാണ് അവസാനമായി പങ്കെടുത്തത്. വനംവകുപ്പിന്റെ ഇൻക്വസ്റ്റിനുശേഷം ജഡം കോടനാട്ട് സംസ്കരിക്കും. സംസ്ഥാനത്ത് ഈവർഷം ചരിയുന്ന 17-ാമത്തെ ആനയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.