വന്യജീവിവാരാഘോഷത്തിനു തുടക്കമായി... കുട്ടികൾ വരച്ചു, കേട്ടറിഞ്ഞ വനസൗന്ദര്യം
1458675
Thursday, October 3, 2024 6:29 AM IST
തൃശൂർ: അവർ വരച്ചു, കഥകളിലൂടെയും കവിതകളിലൂടെയും കേട്ടറിഞ്ഞ വനസൗന്ദര്യവും വന്യജീവികളെയും; അവയുടെ ഇണക്കങ്ങളും പിണക്കങ്ങളും.
വന്യജീവിവാരാഘോഷങ്ങളുടെ ഭാഗമായി തൃശൂർ മ്യൂസിയത്തിൽ നടന്ന ചിത്രരചനാമത്സരത്തിലാണ് കുരുന്നുമനസുകളിലെ ഭാവനകൾ നിറങ്ങളായി പിറന്നത്. കെജി മുതൽ കോളജ് വരെയുള്ള വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 47 കുട്ടികളാണ് പങ്കെടുത്തത്.
നഷ്ടപ്പെട്ടുപോയിക്കൊണ്ടിരിക്കുന്ന പച്ചവിരിച്ച മലനിരകളും ജൈവവൈവിധ്യവുമാണ് കൂടുതൽപേരും വരച്ചതെങ്കിൽ അവ നേരിടുന്ന പ്രതിസന്ധികളും നമ്മൾ കൈവിടുന്ന പ്രകൃതിയെയും ചിലർ വരച്ചുചേർത്തു. കുഞ്ഞിളംമനസുകളിൽപോലും വനവും വന്യജീവികളെയും സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെന്നു വ്യക്തമാക്കുന്നവയായിരുന്നു ഓരോ ചിത്രങ്ങളും.
ആഘോഷപരിപാടികളുടെ ഭാഗമായി ഇന്നു പ്രബന്ധരചനാമത്സരവും നാളെ ക്വിസ് മത്സരവും ആറിനു വൈകുന്നേരം അഞ്ചിനു യോഗാപ്രദർശനവും ഉണ്ടായിരിക്കും. എട്ടിനാണ് ആഘോഷപരിപാടികളുടെ സമാപനവും സമ്മാനദാനവും.