എഇഒ ഓഫീസ് കെട്ടിട ഉദ്ഘാടനം രാഷ്ട്രീയവത്്കരിക്കാൻ ശ്രമമെന്ന്
1457695
Monday, September 30, 2024 1:42 AM IST
ചാലക്കുടി: സബ് ജില്ലയിലെ വിദ്യാർഥികളുടെ മേളകളും പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനവും അലങ്കോലമാക്കാനും, രാഷ്ട്രീയവൽക്കരിക്കുവാനും ഇടത് അധ്യാപക സംഘടന ശ്രമിക്കുന്നുവെന്നും ഇതിനെതിരെ പ്രതിഷേധിച്ച അധ്യാപക സംഘടനാ നേതാക്കളെ അപകീർത്തിപ്പെടുത്തുകയാണെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ചാലക്കുടി സബ് ജില്ല കമ്മിറ്റി ആരോപിച്ചു. കായിക അധ്യാപകർ ഇപ്പോൾ സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് ഉപജില്ല ഗെയിംസുകൾ നടത്തുന്നത്.
ഇനി നടക്കാനുള്ള ഉപജില്ല സ്പോർട്സിന്റെ സംഘാടനത്തിനുള്ള ഒരു ഒരുക്കവും ഇതുവരെയും തുടങ്ങിയിട്ടില്ല. അതിനാവശ്യമുള്ള പണം പിരിക്കുന്നതിനുള്ള ഒരു നടപടിയും സമിതിയിലെ ഇടതുപക്ഷ സംഘടനയായ കെഎസ് ടി എയുടെ പ്രതിനിധിയായ വികസന സമിതി ട്രഷറർ തുടങ്ങിയിട്ടില്ല. ഇക്കാര്യം യോഗത്തിൽ ആവശ്യപ്പെട്ട വികസന സമിതി കൺവീനറായ അധ്യാപികയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നടപടിയാണ് ട്രഷറർ ചെയ്തത് .
കെപിഎസ്ടിഎ പ്രതിനിധികളെ യോഗത്തിൽ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതി രിക്കുകയും ചെയ്യുന്ന വികസനസമിതി ട്രഷറർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിന് വേണ്ടി സംഘടന നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിരുന്നു. സൂപ്രണ്ടിനോടൊപ്പം യോഗത്തിൽ പങ്കെടുക്കവേ ചർച്ചയ്ക്കിടയിൽ എഇഒക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഇത് കെഎസ്ടിഎയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും കെപിഎസ്ടിഎ ആരോപിച്ചു.
അധ്യാപക സമൂഹത്തിനെ അപമാനിക്കുന്ന രീതിയിൽ വ്യാജപ്രചാരണങ്ങൾ നടത്തുന്നതിനെതിരെയും ഓഫീസ് ഉദ്ഘാടനത്തിന്റ പേരിൽ അനധികൃത പിരിവ് നടത്തുന്നതിനെതിരെയും നടപടി സ്വീകരിക്കണമെന്നും കെപിഎസ്ടിഎ സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചാലക്കുടി ഉപജില്ലയിൽ ഡയറ്റ് ഫേക്ക്വൽറ്റി, ബി പിസി തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾ സംഘടനാ പ്രവർത്തങ്ങൾക്കും അധ്യാപകരെ ഭീഷണിപ്പെടുത്തുവാനുമായി ഇടതു സംഘടന ഉപയോഗിക്കയാണെന് യോഗം ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി.യു. രാഹുൽ അധ്യക്ഷനായിരുന്നു. പ്രവീൺ എം. കുമാർ , ആന്റോ പി. തട്ടിൽ, പി.എക്സ്. മോളി , കെ.എം. റാഫി, ഐ.എൻ. ശ്രീജ, ഇ.ഡി. ശശി എന്നിവർ പ്രസംഗിച്ചു .