ശുദ്ധജലം പാഴാകുന്നു; ജനപ്രതിനിധികൾ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം
1457690
Monday, September 30, 2024 1:42 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ അന്നനാട് ഇൻഡോർ സ്റ്റേഡിയത്തിലേക്കുള്ള റോഡിലും സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്ക് മുന്നിലെ പൊതുമരാമത്ത് റോഡിലും ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാര നടപടിയില്ലെന്ന് പരാതി.
വിഷയം പലവട്ടം വാട്ടർ അഥോറിറ്റി ഉദ്യാേഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നിസംഗത പുലത്തുകയാണെന്ന് വാർഡ് മെമ്പർ മോളി തോമസ് ആരോപിച്ചു. കാടുകുറ്റി പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ സമാന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടായില്ലെങ്കിൽ വാട്ടർ അഥോറിറ്റി കാര്യാലയം ഉപരോധിക്കുന്നതടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ് പാർലിമെന്ററി പാർട്ടി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.