ഓണക്കാഴ്ചകളുടെ കുടമാറ്റവേദിയായി തെക്കേഗോപുരനട
1453531
Sunday, September 15, 2024 5:34 AM IST
തൃശൂർ: ഓണത്തപ്പനും കസവിഴ നെയ്ത തുണിത്തരങ്ങളും ചട്ടി, വട്ടി, പൂവ് മുതൽ തനിനാടൻ സാമഗ്രികളും വിലപേശിവാങ്ങാൻ മാളോരും... ഉത്രാടനാളിൽ ഓണക്കാഴ്ചകളുടെ കുടമാറ്റവേദിയായി തെക്കേഗോപുരനട. ഉച്ചയോടെ പെയ്ത മഴച്ചാറൽ കച്ചവടക്കാരെ തെല്ലൊന്നുലച്ചെങ്കിലും കൂട്ടാക്കാതെ വീണ്ടും സജീവമായി.
ഓണത്തിന് എക്കാലത്തെയുംപോലെ പ്രിയം കൂടുതൽ തൃക്കാക്കരയപ്പനും ഓണക്കോടിക്കും കളിമൺപാത്രങ്ങൾക്കുംതന്നെ. കളിമണ്ണിൽ തയാറാക്കിയ വിവിധതരത്തിലുള്ള ചട്ടികൾ, കുടങ്ങൾ, ചെറിയ പാത്രങ്ങൾ, ചിരട്ടയിലും മുളയിലുമുണ്ടാക്കിയ തവി, വട്ടികൾ തുടങ്ങി അടുക്കള ഉപയോഗവസ്തുക്കളുടെ വില്പന തകൃതിയാണ്. ദോശത്തട്ട്, വിറകടുപ്പ്, ഹോമകുണ്ഡം തുടങ്ങിയവയും ഉണ്ട്.
സ്വീകരണമുറിയിൽ അലങ്കാരമൊരുക്കാനുള്ള ബുദ്ധ, കൃഷ്ണ ബിംബങ്ങളും കാറ്റിലാടുന്പോൾ ഒാണത്താളം പൊഴിക്കുന്ന മണികളും ചിരാതുകളും കളിമണ്ണിലെ കരവിരുതുകളാണ്. കൊടകര, പുതുക്കാട്, കേച്ചേരി, ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള പരന്പരാഗത കളിമൺപാത്രനിർമാതാക്കളാണ് കച്ചവടത്തിനെത്തിയിട്ടുള്ളത്. തൃക്കാക്കരയപ്പനെ ചൂടിക്കാൻ ഇർക്കിലിൽ കോർത്ത പ്ലാസ്റ്റിക്, കടലാസ് പൂക്കളും വില്പനയ്ക്കുണ്ട്.
ചേലക്കര, വടക്കാഞ്ചേരി എന്നിവിടങ്ങളിൽനിന്നുള്ള കച്ചവടക്കാരാണ് കൈത്തറിത്തുണികളുമായി എത്തിയിട്ടുള്ളത്. പുളിയിലക്കര പുടവയും കസവുനൂലിനാൽ പൂക്കളും മയിലും ആനയും അലങ്കാരങ്ങൾ തീർത്ത സാരികളും സെറ്റുസാരികളും തെക്കേ ഗോപുരനടമുതൽ പടിഞ്ഞാറെനടവരെയുള്ള ഓണക്കടകളെ സജീവമാക്കുന്നു. കുട്ടികൾക്കായി റെഡിമെയ്ഡ് പട്ടുപാവാട, ബനിയൻ, ഖലാസ, കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങൾ എന്നിവയുമുണ്ട്.
സാധനങ്ങൾ വാങ്ങാൻ മുതിർന്നവർക്കൊപ്പം എത്തുന്ന കുട്ടികളെ ആകർഷിക്കാൻ ബലൂൺ, കളിക്കോപ്പ് കച്ചവടക്കാരും എത്തി. ഓണവെയിലേറ്റു വാടിയാൽ കുളിർപ്പിക്കാൻ ഐസ്ക്രീം, ശീതളപാനീയ കച്ചവടക്കാരും തേക്കിൻകാട്ടിൽ നിറഞ്ഞു. മണികിലുക്കി സാന്നിധ്യമറിയിച്ച് കപ്പലണ്ടിക്കച്ചവടക്കാരും.
അത്തംനാളിൽ തെക്കേഗോപുരച്ചെരുവിൽ വിരിഞ്ഞ പൂക്കളം വെയിലേറ്റുവാടിയെങ്കിലും ഇതിനു സമീപം ഫോട്ടോഷൂട്ടും സെൽഫികളുമായി കൗമാരം ഓണത്തിമർപ്പിലാണ്.
മൈതാനത്തിന്റെ കിഴക്കേഭാഗത്ത് അത്തത്തലേന്നേ തുടങ്ങിയ പൂക്കച്ചവടം പൊടിപൊടിച്ചു. ജമന്തിയും ചെണ്ടുമല്ലിയും വാടാർമല്ലിയും മുല്ലയുമെല്ലാം പറഞ്ഞവിലയ്ക്കാണ് വിറ്റഴിയുന്നത്.
പടിഞ്ഞാറ് വടക്കുന്നാഥക്ഷേത്രവഴികളിലും കച്ചവടക്കാരും തിരക്കുമുണ്ട്. ഉച്ചമുതൽ നഗരത്തിൽ വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക് ശമിച്ചമട്ടായിരുന്നു. വൈകീട്ട് പൂരാടനാളിനോടു കിടപിടിക്കുംവിധം തിരക്കുണ്ടായില്ല.
സ്വന്തം ലേഖകൻ