പീച്ചി ഡാം തുറന്നതിൽ വീഴ്ച: സർക്കാർ നഷ്ടപരിഹാരം നൽകണം: ജോസഫ് ടാജറ്റ്
1451220
Saturday, September 7, 2024 1:37 AM IST
തൃശൂർ: പീച്ചി ഡാം തുറന്നതിൽ ഇറിഗേഷൻ വകുപ്പിനും കെഎസ്ഇബിക്കും വീഴ്ചയുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ പ്രളയബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്കുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് അഡ്വ. ജോസഫ് ടാജറ്റ്.
2018നു സമാനമായ സാഹചര്യമാണ് ഇത്തവണയുണ്ടായത്. ഒരാഴ്ചയോളം ജില്ലയിലെ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. 13,007 വീടുകളെയാണ് ബാധിച്ചത്. 3500 വീട്ടുകാർക്കു ക്യാന്പുകളിലേക്കു മാറേണ്ടിവന്നു. വീട്ടുപകരണങ്ങൾ, കിണർ, ചുറ്റുമതിൽ, തൊഴുത്തുകൾ, വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ എന്നിവയുടെ നാശനഷ്ടങ്ങളും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടവും വേറെ. ജില്ലയിലെ 105 കൃഷിഭവനുകളുടെ പരിധിയിലായി 1672 ഹെക്ടറിൽ ഏകദേശം 26 കോടി രൂപയുടെ കൃഷിനാശമാണു സംഭവിച്ചത്.
ഏകദേശം 50 കോടിയിൽപരം രൂപയുടെ നാശനഷ്ടം ജില്ലയിൽ സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തെക്കുറിച്ച് റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല. മനുഷ്യനിർമിത പ്രളയമല്ലെന്നു റിപ്പോർട്ട് വരുന്നതിനുമുന്പ് പ്രസ്താവനയിറക്കി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് മന്ത്രി തുനിഞ്ഞത്.
ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥൻതന്നെ പ്രളയം ഉണ്ടാകുന്നതിനു പീച്ചി ഡാം അശ്രദ്ധമായി തുറന്നുവിട്ടതും കാരണമായിട്ടുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ പ്രളയബാധിതർക്കുണ്ടായ സകലമാനനഷ്ടവും സർക്കാർ നൽകണമെന്ന് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
ഡിജിപിക്കു നല്കിയ പരാതിയിൽ
ഷാജി കോടങ്കണ്ടത്തിന്റെ മൊഴിയെടുത്തു
തൃശൂര്: പീച്ചി ഡാം കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഡിജിപിക്കു കൊടുത്ത പരാതിയിൽ ഒല്ലൂർ എസിപി അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ മൊഴിയെടുത്തു.
ജൂലൈ മാസത്തെ മഴയിൽ ഡാമിന്റെ ഷട്ടറുകൾ അനിയന്ത്രിതമായി തുറന്ന് മിന്നൽപ്രളയമുണ്ടാകാൻ കാരണം ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. ഷാജി കോടങ്കണ്ടത്ത് പരാതി നല്കിയിരുന്നത്. പ്രളയമുണ്ടായ സംഭവത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സബ് കളക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷാജി കോടങ്കണ്ടത്തുതന്നെ വിവരാവകാശനിയമപ്രകാരം നല്കിയ അപേക്ഷയിലാണു റിപ്പോർട്ട് ലഭിച്ചത്.