അന്വേഷണ റിപ്പോർട്ടിനായി കാത്ത് രാഷ്ട്രീയപാർട്ടികളും ദേവസ്വവും
1450681
Thursday, September 5, 2024 1:56 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിലാരാണ് എന്ന ചോദ്യത്തിനുത്തരം കിട്ടാനായി രാഷ്ട്രീയപാർട്ടികളും ദേവസ്വങ്ങളും പൂരപ്രേമികളും കാത്തിരിക്കുന്നു. അന്വേഷണവും തെളിവെടുപ്പും മൊഴിയെടുപ്പുമൊക്കെ ഗംഭീരമായി നടത്തിയ എഡിജിപി പൂരംകഴിഞ്ഞ് അടുത്ത പൂരത്തിന്റെ പ്രാഥമിക ഒരുക്കങ്ങളിലേക്കു തൃശൂർ കടക്കാനിരിക്കുന്പോഴും റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
രാഷ്ട്രീയപാർട്ടികൾ പരസ്പരം കുറ്റപ്പെടുത്തി പൂരംകലക്കികൾ എതിരാളികളാണെന്നു പരസ്പരം പഴിചാരുന്പോൾ, അന്വേഷണ റിപ്പോർട്ട് എത്രയും പെട്ടെന്നു പുറത്തുവന്നേ തീരൂ എന്നു പാർട്ടിക്കാരും ദേവസ്വങ്ങളും ആവശ്യപ്പെടുന്നു.
ആർക്കാണ് പോലീസ് പഴിചാർത്തിക്കൊടുക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയാണ് ഏവർക്കും.
പോലീസിന്റെ അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളുമാണ് പ്രശ്നങ്ങളിൽ കലാശിച്ചതെന്നു പരക്കേ അഭിപ്രായമുയരുന്പോൾ അന്വേഷണ റിപ്പോർട്ടിൽ പോലീസിനെതിരേ പരാമർശമുണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.
പൂരത്തിനു മുൻപുനടന്ന യോഗങ്ങളിലെ തീരുമാനങ്ങളുടെ മിനിറ്റ്സും മറ്റും ഹാജരാക്കി, പോലീസ് എല്ലാ നിബന്ധനകളും തെറ്റിച്ചെന്നു മൊഴിയെടുപ്പിൽ ഹാജരായവർ പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ കൃത്യവിലോപമെന്നും വീഴ്ചയെന്നും ആക്ഷേപമുയരുന്പോൾത്തന്നെ പൂരംകലക്കൽ രാഷ്ട്രീയക്കളി ആയിരുന്നുവെന്ന ഗുരുതരമായ ആരോപണവുമുയരുന്നു.
പോലീസിന്റെ വീഴ്ചയെന്നു റിപ്പോർട്ടിൽ വന്നാൽ അതു സർക്കാരിനു കനത്ത തിരിച്ചടിയും പ്രതിപക്ഷത്തിനു നല്ലൊരു ആയുധവുമാകുമെന്നതിനാൽ അത്തരമൊരു റിപ്പോർട്ടിനു സാധ്യത കുറവാണെന്നു കരുതുന്നവരേറെയാണ്. എന്തായാലും, റിപ്പോർട്ട് പുറത്തുവിടാതെ പറ്റില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.