മുണ്ടകൻകൃഷിയുടെ ഉതിർമണിയിൽ വിജയംകണ്ടെത്തി ജോസ് വൈദ്യൻ
1450670
Thursday, September 5, 2024 1:56 AM IST
വേലൂർ: വെള്ളാറ്റഞ്ഞൂർ വടക്കേത്തല ജോസ് വൈദ്യന്റെ ഉതിർമണി നെൽകൃഷി വേലൂർ പാടശേഖരത്തിൽ വിജയഗാഥരചിച്ചു. മുണ്ടകൻകൃഷിയുടെ ഉതിർമണി മുളച്ചുപൊന്തിയാണ് കൃഷി.
വിത്തിടലും കൈക്കോട്ടും ഉപയോഗിക്കാതെയും വിരിപ്പുകൃഷിചെയ്യാൻ കഴിയുമെന്ന് കർഷകരെ പരിചയപ്പെടുത്തിയത് ഈ 64 കാരനായിരുന്നു.
പരമ്പരാഗതമായി കൃഷിചെയ്തിരുന്ന കർഷകർ ഇത്തരം രീതി പിന്തുടരാൻ വർഷങ്ങളെടുത്തു. മുണ്ടകൻകൃഷിക്കുശേഷം വയലിൽവീഴുന്ന ഉതിർമണികളാണ് കൃഷിക്കുപയോഗിക്കുന്നത്. ഏപ്രിലിലെ ഇടമഴയിൽ നിലമുഴുത് ഒരുക്കുന്നു. ഇടവപ്പാതിക്കുമുമ്പേ മുളച്ചുവരുന്ന ചെടികൾ മഴയ്ക്കുശേഷം കൈവിതയേക്കാൾ വളരുന്നതാണ്. മുളച്ചുവരുന്ന കളകൾക്ക് ഉമ നെൽവിത്തിനേക്കാൾ പ്രായക്കുറവുള്ളതുകൊണ്ട് കളകൾ വിളവിനെ ബാധിക്കുകയുമില്ല. വയലൊരുക്കലിനും വിത്തിടലിനും കളപറിക്കലിനും വളപ്രയോഗത്തിനും വരമ്പുനിർമാണത്തിനും ചെലവുവരുന്നില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, വിദ്യാർഥികൾ എന്നിവർക്ക് ഈ രീതിയിൽ വിരിപ്പുകൃഷി ചെയ്യാം.
പാരമ്പര്യവൈദ്യനായ ജോസ് നെൽകൃഷിയിൽ നൂതനപരീക്ഷണങ്ങള് നടത്തുന്നുണ്ട്. കീടങ്ങളുടെ ആക്രമണം തടയാനുള്ള കറിയുപ്പ് പ്രയോഗം കർഷകർക്ക് മനസിലാക്കിക്കൊടുത്തത് ജോസ് വൈദ്യനാണ്. ഉതിർമണി കൃഷി പ്രചാരത്തിലാകുന്നതോടെ വിരിപ്പുകൃഷിയിൽ തരിശുരഹിത പാടശേഖരമെന്ന സ്വപ്നമാണ് സഫലമാകുന്നത്. വേലൂരിലെ കർഷകരുടെ കൂട്ടായ്മയൊരുക്കാനും അതുവഴി ഉത്പാദിപ്പിക്കുന്ന ജൈവ ചെങ്ങഴിക്കോടൻ മട്ടയടക്കമുള്ളവയുടെ വിപണനത്തിനും ലക്ഷ്യമിടുന്നുണ്ട്. വേലൂർ പഞ്ചായത്ത് പാടശേഖര ഏകോപനസമിതി സെക്രട്ടറിയാണ് ജോസ് വൈദ്യൻ.