കേരളത്തിലെ ആദ്യ അപൂർവ ഹൃദയശസ്ത്രക്രിയ ജൂബിലിയിൽ
1450512
Wednesday, September 4, 2024 7:06 AM IST
തൃശൂർ: ഹൃദയശസ്ത്രക്രിയയിൽ അപൂർവനേട്ടവുമായി ജൂബിലി മിഷൻ ഹൃദയാലയ ടീം. 2016-ൽ അയോട്ടിക് വാൽവ് തകരാറിന് ടിഎവിഐ ചെയ്ത തൃശൂർ സ്വദേശി ജോസഫാ(79)ണ് ഗുരുതരമായ അയോർട്ടിക് റിഗർഗിറ്റേഷനു ജൂബിലിയിൽ ചികിത്സ തേടിയെത്തിയത്.
കുവൈറ്റിൽ ജോലിചെയ്തു വിരമിച്ച ജോസഫിന് എട്ടുവർഷം മുന്‍പാണ് കൃത്രിമവാൽവ് ഘടിപ്പിച്ചത്. വാൽവിന്റെ കാലാവധി കഴിഞ്ഞതോടെയാണ് രണ്ടാമതൊന്നു വയ്ക്കേണ്ടിവന്നത്. വർഷങ്ങൾക്കുമുൻപ് ചെയ്ത കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റും, മൂന്നുഭാഗത്തുനിന്ന് ഹൃദയത്തിന്റെ സ്പന്ദനം നിയന്ത്രിക്കുന്ന സിആർടി വിഭാഗത്തിൽപെട്ട പ്രത്യേകതരം പേസ്മേക്കറും പ്രായവും സ്ഥിതി സങ്കീർണമാക്കി. ഓപ്പണ്‍ സർജറി സാധ്യമല്ലാത്ത സാഹചര്യത്തിൽ പെർക്യുട്ടേനിയസ് ട്രാൻസ്കത്തീറ്റർ വാൽവ്-ഇൻ-വാൽവ് അഥവാ ടിഎവി ഇൻ ടിഎവി എന്ന നൂതനസാങ്കേതികവിദ്യ ഉപയോഗിക്കുകയായിരുന്നു.
വാൽവ് ഘടിപ്പിക്കുന്പോൾ ഹൃദയത്തിന്റെ പന്പിംഗ് മൂലം വാൽവ് തള്ളിപ്പോകാതിരിക്കാൻ കുറച്ചുസമയത്തേക്കു ഹൃദയത്തിന്റെ പ്രവർത്തനം നിർത്തേണ്ടിവന്നു. ഡോ. ബിനോ ബെഞ്ചമിൻ, ഡോ. ഷിബു കള്ളിവളപ്പിൽ, ഡോ. അപർണ, ഡോ. പ്രസന്നകുമാർ, ഡോ. ഓസ്റ്റിൻരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രക്തനഷ്ടമോ മുറിവുകളോ പാടുകളോ ഇല്ലാതെ ചെയ്യുന്നതിനാൽ രോഗികളെ വേഗത്തിൽ ആശുപത്രിവിടാനും സഹായിക്കുന്നു.
ഡോക്ടർമാരുടെ അർപ്പണബോധമാണ് ശസ്ത്രക്രിയ വിജയകരമാകാൻ സഹായിച്ചതെന്നു ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ പറഞ്ഞു.