തൃശൂര്‍ - കുറ്റിപ്പുറം റോഡ് നിർമാണം: റീ ടെൻഡർ വിളിച്ചു
1450506
Wednesday, September 4, 2024 7:06 AM IST
തൃശൂർ: നിർമാണജോലിയിൽ ഗുരുതരഅലംഭാവം കാട്ടിയതിനെതുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കിയിരുന്ന തൃശൂര്‍ - കുറ്റിപ്പുറം റോഡുപണിക്കു റീടെൻഡര്‍ വിളിച്ചു. 166.89 കോടി രൂപയുടെ ജോലികള്‍ക്കാണ് നിർമാണ ഏജന്‍സിയായ കെഎസ്ടിപി ടെൻഡര്‍ വിളിച്ചത്. 270 ദിവസംകൊണ്ട് പണിപൂര്ത്തിയാക്കണമെന്നാണു വ്യവസ്ഥ. ഒരുമാസമാണു ടെൻഡര്‍ സമര്‍പ്പിക്കാനുള്ള അവസരം. ഒക്ടോബര്‍ നാലിനു ടെൻഡര്‍ ഓപ്പണ്‍ ചെയ്യും.
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂര്‍ -കുറ്റിപ്പുറം റോഡ് നവീകരണം നടക്കുന്നത്. റോഡുപണിയിൽ വേണ്ടത്ര പുരോഗതിയില്ലെന്നു വ്യക്തമായതിനെതുടര്‍ന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരാറുകാര്‍ക്കെതിരെ കര്‍ശനനടപടിക്കു നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നാണ് കെഎസ്ടിപി അധികൃതര്‍ കരാര്‍ റദ്ദുചെയ്തതത്. തുടര്‍ന്ന് അവശേഷിക്കുന്ന ജോലികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കുകയും ജര്‍മന്‍ ബാങ്കിന്റെയും റീബില്‍ഡ് കേരളയുടെയും അനുമതിക്കുശേഷം റീടെൻഡർ വിളിക്കുകയുമായിരുന്നു.
റോഡ് അറ്റകുറ്റപ്പണികള്‍ ഇതിനിടെ നടക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കു വിവിധ ഘട്ടങ്ങളിലായി 89 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.