ഓൺലൈനായി യുവാവിന്റെ 40 ലക്ഷം കവർന്നു; ഒരാൾ പിടിയിൽ
1532198
Wednesday, March 12, 2025 4:44 AM IST
വൈപ്പിൻ: വിവാഹ പരസ്യം നൽകി പരിചയപ്പെട്ട് ഓൺലൈനായി യുവാവിന്റെ 40 ലക്ഷത്തോളം രൂപ കവർന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തിലെ ഒരാളെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാനാ(45)ണ് അറസ്റ്റിലായത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
മാട്രിമോണിയൽ പരസ്യം വഴിയാണ് സംഘത്തിന്റെ വാട്ട്സ് ആപ്പ് നമ്പർ യുവാവിനു ലഭിച്ചത്. ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്ന് യുവാവിനോട് പറഞ്ഞു. ബംഗളൂരുവിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും ജോലി യുകെയിലാണെന്നും യുവതി അറിയിച്ചു.
ഇത്തരത്തിൽ യുവാവുമായി സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നൽകി വിശ്വാസം ആർജിച്ചു. തുടർന്ന് ക്രിപ്റ്റോ കറൻസി ട്രേഡിംഗ് ലാഭകരമാണെന്ന് യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് കുകൊയിൻ ആപ്പ് (Kucoin App), ഡ്യൂൺ കോയിൻ ആപ്പ് എന്നിവ യുവാവിനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിക്കുകയും ചെയ്തു.
2023 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിലായി കുകൊയിൻ സെല്ലർമാരിൽ നിന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള 7,44,000 രൂപ മുടക്കി ക്രിപ്റ്റോ കറൻസി വാങ്ങിപ്പിച്ച് ഡ്യൂൺകൊയിൻ ട്രെഡിംഗ് ആപ്പിൽ നിക്ഷേപിപ്പിക്കുകയായിരുന്നു.
തുടർന്ന് കസ്റ്റമർ കെയർ മുഖാന്തിരം വിവിധ അക്കൗണ്ടുകളിലേക്കായി 2023 ഒക്ടോബർ ആറു മുതൽ 2024 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളിലായി പരാതിക്കാരന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് 32,93,306 രൂപയും തട്ടിയെടുത്തു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐ അഖിൽ വിജയകുമാർ, എഎസ്ഐ ആന്റണി ജെയ്സൻ എന്നിവരും ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.