കഞ്ചാവ് വില്പന: മൂന്നംഗ സംഘം പിടിയിൽ
1531961
Tuesday, March 11, 2025 7:20 AM IST
നെടുമ്പാശേരി : യുവാക്കൾക്കും വിദ്യാർഥികൾക്കും ഇടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ. ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് പിടികൂടിയത്.
പാലപ്രശേരി തേറാട്ടുകുന്ന് ഭാഗത്ത് വാടകവീട്ടിൽ മുറിക്കകത്ത് പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. മുർഷിദാബാദിൽ നിന്നു കൊണ്ടുവന്ന് ഇവിടെ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിലാണ് വില്പന നടത്തിയിരുന്നത്. വീട്ടിൽ നിരന്തരം ആളുകൾ വന്നു പോകുന്നത് കണ്ട് വീട്ടുടമസ്ഥൻ സംശയം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതികളിൽ നിന്ന് കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച പ്രത്യേക ത്രാസും പോലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങിയവരെക്കുറിച്ചും ഇവർക്ക് ഇവിടെ സഹായം നൽകിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ എസ്ഐ സതീഷ് കുമാർ, എഎസ്ഐമാരായ കെ.എസ്. ഷാനവാസ്, ജിയോ, സീനിയർ സിപിഒമാരായ കെ.ബി. ഫാബിൻ, റ്റി.എ. കിഷോർ, സിപിഒമാരായ കെ.എച്ച്. സജിത്ത്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.