പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘം അഴിമതി: നിക്ഷേപത്തുക അടിയന്തരമായി ലഭ്യമാക്കണം: സംരക്ഷണ സമിതി
1531960
Tuesday, March 11, 2025 7:20 AM IST
കൊച്ചി: കോടികളുടെ അഴിമതി നടന്ന പെരുന്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ റിക്കവറി നടപടികള്‍ പൂര്‍ത്തിയാക്കി നിക്ഷേപ തുക എത്രയും വേഗം നിക്ഷേപകര്‍ക്ക് ലഭ്യമാക്കണമെന്ന് നിക്ഷേപ സംരക്ഷണ സമിതി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2017 മുതല്‍ 794 ജപ്തി നടപടികള്‍ക്കായി അനുവാദം ലഭിച്ചിട്ടും സംഘത്തിന്റെ ഭരണ സമിതി ഇതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. സഹകരണ വകുപ്പ് അധികാരികളും ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി നിക്ഷേപകര്‍ക്ക് തുകയോ അതിന്റെ പലിശയോ തിരികെ ലഭിക്കാത്ത അവസ്ഥയാണ്. തിരുവനന്തപുരത്തെ സഹകരണ ഭവനിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് ആറു മാസം മുമ്പ് 250ഓളം നിക്ഷേപകര്‍ നല്കിയ പരാതികള്‍ യാതൊരു നടപടികളുമെടുത്തിട്ടില്ല.
ലോകായുക്ത മുമ്പാകെ സമര്‍പ്പിച്ച 150ല്‍പരം നിക്ഷേപകരുടെ പരാതികളില്‍ 45 ദിവസത്തിനകം നിക്ഷേപത്തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അനുകൂല നടപടികളൊന്നും സംഘം ഭരണസമിതിയില്‍ നിന്ന് ഉണ്ടായിട്ടില്ല.
സ്ഥലം എംഎല്‍എ മുതല്‍ പ്രധാനമന്ത്രി വരെയുള്ള അധികാരികള്‍ക്കും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഭാരവാഹികളായ കൃഷ്ണമൂര്‍ത്തി, മായിന്‍കുട്ടി, തങ്കച്ചന്, പ്രകാശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.