മസ്തിഷ്ക ജ്വര ലക്ഷണം : അഞ്ചു വിദ്യാർഥികൾ ആശുപത്രിയിൽ
1532195
Wednesday, March 12, 2025 4:40 AM IST
സ്കൂൾ അടച്ചിടാൻ നിർദേശം
കളമശേരി : കളമശേരിയിൽ ഒരു സ്കൂളിലെ അഞ്ച് വിദ്യാർഥികളെ മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് രണ്ട് ആശുപത്രിയിലായി ചികിത്സയിലുള്ളത്.
സ്കൂളിലെ രക്ഷിതാക്കളിൽ നിന്ന് രോഗവിവരമറിഞ്ഞതിനെ തുടർന്ന് കളമശേരി പ്രൈമറി ഹെൽത്ത് സെന്റർ അധികൃതരാണ് ഡിഎംഒയെ വിവരമറിയിച്ചത്. തുടർന്ന് സ്കൂൾ അടച്ചിടാൻ ആരോഗ്യ വിഭാഗം നിർദേശിക്കുകയായിരുന്നു.
നിലവിൽ സ്കൂളിൽ പരീക്ഷകൾ നടന്നുവരികയാണ്. കുട്ടികളെ സ്കൂളിലേക്കയച്ചാൽ രോഗം പകരുമോയെന്ന് ആശങ്കയിലായിരുന്നു രക്ഷിതാക്കൾ.
പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സ്കൂൾ അധികൃതർ തയാറാകാതെവന്നപ്പോഴാണ് രക്ഷിതാക്കൾ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായിട്ടില്ല.
അതേസമയം മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധനകൾ നടന്നുവരികയാണെന്നും ഡിഎംഒ ആശാദേവി അറിയിച്ചു.