ഫയലുകളിലെ കള്ളക്കളികള്‍ : ഉദ്യോഗസ്ഥര്‍ക്ക് മേയറുടെ രൂക്ഷവിമര്‍ശനം
1532189
Wednesday, March 12, 2025 4:40 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ വര്‍ക്ക് ഫയലുകള്‍ കാണാതാകുന്നതും കെട്ടിക്കിടക്കുന്നതുമായ പരാതികളില്‍ കര്‍ശന നടപടിയുമായി മേയര്‍ എം. അനില്‍കുമാര്‍. കാണാതായ ഫയലുകള്‍ സംബന്ധിച്ചു സൂപ്രണ്ടിംഗ് എന്ജിനീയര്ക്കു പരാതി നല്കാന് കൗണ്‍സിലര്‍മാര്‍ക്ക് മേയര്‍ നിര്‍ദേശം നല്കി.
പരിശോധിച്ച് ഒരാഴ്ചയ്ക്കു ശേഷവും ഫയലുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പരാതി വിജിലന്‍സിന് കൈമാറാനും കെട്ടിക്കിടക്കുന്ന ഫയലുകള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്താനും മേയര്‍ ഉത്തരവിട്ടു. ഡെപ്യൂട്ടി സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൗണ്‍സിലര്‍മാര്‍ അറിയാതെ ഡിവിഷനുകളില്‍ വര്‍ക്കുകള്‍ നടക്കുന്നുവെന്നും ചോദിച്ചാല്‍ ഫയലുകള്‍ നഷ്ടമായെന്നുമായ മറുപടികളാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നതെന്ന് കൗണ്‍സിലര്‍ ഇന്നലെ കൗണ്‍സിലില്‍ അറിയിച്ചു. ചില പദ്ധതികളുടെയും അപേക്ഷകളുടെയും ഫയലുകള്‍ കെട്ടിക്കിടക്കുന്നു, ചിലത് കാണുന്നില്ല, ചിലതില്‍ ഒരേ ഫയല്‍ ഒന്നിലധികം കാണപ്പെടുന്നു തുടങ്ങിയ പരാതികളാണ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചത്.
പല പ്രവൃത്തികളിലും ഒന്നിലധികം ഫയലുകള്‍ സൃഷ്ടിക്കപ്പെടുന്നതായും ആരെങ്കിലും പരാതി നല്കിയാല് ഉടന്‍ കൗണ്‍സിലര്‍ പോലുമറിയാതെ അത് ഫയലായി സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. വി.കെ. മിനിമോള്‍ ചൂണ്ടിക്കാട്ടി. ക്ഷേമ പെന്ഷന് അപേക്ഷയുള്‍പ്പെടെ ചില ഫയലുകള്‍ തീര്‍പ്പാക്കാതെ അനാവശ്യമായി നീട്ടിക്കൊണ്ട് പോകുന്നതായും ചില ജോലികള്‍ ഫയല്‍ തുറക്കാതെ തന്നെ ആരംഭിക്കുന്നതായും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഏതൊക്കെ ഫയലാണ് തുറന്നതെന്നും തീര്‍പ്പുകല്‍പ്പിച്ചതെന്നും കെ-സ്മാര്‍ട്ട് പരിശോധിച്ചാല്‍ അറിയുമെന്നതിനാല്‍ പരിശോധിച്ച് എല്ലാ മാസവും റിപ്പോര്‍ട്ട് നല്കാന് മേയര്‍ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കെ.പി. വള്ളോന്‍ റോഡിന്റെ വികസനത്തിന് ഡിപിആര്‍ തയാറാക്കാന്‍ സി ഹെഡിനെ ചുമതലപ്പെടുത്താനും ഇവിടെ പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്നും മേയര്‍ പറഞ്ഞു.
അടുത്തയിടെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായ ജി സ്മാരകത്തില്‍ കാമറ സ്ഥാപിക്കണമെന്ന് പ്രതിപക്ഷത്തെ എം.ജി. അരിസ്റ്റോട്ടില്‍ ആവശ്യപ്പെട്ടു. കാമറ സ്ഥാപിക്കാനും സ്മാരകത്തിനനുബന്ധമായി ശുചിമുറിയും നിർമിക്കാനും റോഡ് ശരിയാക്കാനും മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
അത്യാധുനിക ഉപകരണങ്ങളുടെ പേരിൽ വാക്പോര്
കൊച്ചി: റോഡുകളും കാനകളും വൃത്തിയാക്കുന്നതിനും മാലിന്യനീക്കത്തിനുമായി സിഎസ്എംഎല്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ വാക്പോര്. റോഡ് തൂത്തുവാരാന്‍ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് നടപ്പാത കൂടി വൃത്തിയാക്കണമെന്ന പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ ആവശ്യത്തെ തുടര്‍ന്നാണ് കൗണ്‍സില്‍ ബഹളമയമായത്.
ഇക്കാര്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും റോഡ് നന്നാക്കുന്നതുപയോഗിച്ച്, നടപ്പാത നന്നാക്കിയാല്‍ അതിന് തകരാര്‍ സംഭവിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
ഇതേ ചൊല്ലി ഇരുവരും ഏറെ നേരം വാഗ്വാദമുയര്ത്തി. ഇതിനിടെ ആധുനിക ഉപകരണങ്ങള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഓടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന് ചില ഉദ്യോഗസ്ഥര്‍ പിന്തുണയ്ക്കുന്നുവെന്നും മേയര്‍ ആരോപിച്ചു.
നമ്മുടെ നഗരത്തില്‍ ഒരു നല്ല കാര്യത്തിന് എല്ലാവരും ഒരുമിച്ച് നില്ക്കുമ്പോള് ചിലര്‍ അതിന് എതിരു നില്‍ക്കുകയാണ്. തങ്ങളുടെ ഡിവിഷനില്‍ സക്ഷന്‍ കം ജെറ്റിംഗ് മെഷീന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പല കൗണ്‍സിലര്‍മാരും പരിശോധിക്കുന്നില്ല.
ഉദ്യോഗസ്ഥ തലത്തിലും ഇതു സംബന്ധിച്ച് ഒരു പരിശോധന നടക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.