യുവതിയോട് മോശം പെരുമാറ്റം, പോലീസ് ജീപ്പിന്റെ ചില്ലു തകര്‍ത്തു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
1532194
Wednesday, March 12, 2025 4:40 AM IST
കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറുകയും പോലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം പൊന്നാനി സ്വദേശികളായ കരിയാടത്ത് അന്‍സാർ (28), മത്തപ്പറമ്പില് അബ്ദുള്‍ ഹക്കിം(25) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി മറൈന്‍ഡ്രൈവ് ക്വീന്‍സ് വാക്വേയിലായിരുന്നു സംഭവം. കുടുംബ സമേതം എത്തിയ ചേരാനല്ലൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ജ്യൂസ് കുടിക്കുന്നതിനിടെ അന്‍സാദ് യുവാവിന്റെ കാലില്‍ തട്ടി. അതിനുശേഷം തനിക്ക് ഇതേക്കുറിച്ച് ചോദിക്കാനൊന്നുമില്ലെയെന്നു പറഞ്ഞ് യുവാവിനോട് തട്ടിക്കയറി.
ഇത് യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ അബ്ദുള്‍ ഹക്കിം നമുക്ക് ഒരുമിച്ച സെല്‍ഫിയെടുക്കാം, ലൈവ് വരാം എന്നു പറഞ്ഞ് യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ സെന്‍ട്രല്‍ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകവേ പ്രതികളിലൊരാള്‍ തലകൊണ്ട് പോലീസ് ജീപ്പിന്റെ ചില്ലിടിച്ചു പൊട്ടിച്ചു.
പ്രതികള്‍ രാസലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.