വേലിയേറ്റ വെള്ളക്കെട്ട്: സബ് കളക്ടറുടെ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം
1531939
Tuesday, March 11, 2025 7:05 AM IST
ഫോർട്ട്കൊച്ചി: വേലിയേറ്റ വെള്ളക്കെട്ട് പരിഹരിക്കാമെന്ന് ഇടക്കൊച്ചിയിലെ കൗൺസിലർമാർക്ക് സബ് കളക്ടർ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നാരോപിച്ച് സബ് കളക്ടർ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം. സബ് കളക്ടർ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു.
വേലിയേറ്റ വെള്ളക്കെട്ടിനെ തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി രണ്ട് മാസം മുൻപ് യോഗം ചേർന്ന് അടിയന്തര നടപടി സ്വീകരിക്കാമെന്ന് സബ് കളക്ടർ ഉറപ്പ് നൽകിയിരുന്നു. ഇത് നടപ്പാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗത്തിന്റെ മിനിറ്റ്സുമായാണ് കൗൺസിലർമാർ എത്തിയത്.
കൗൺസിലർമാർ അടക്കമുള്ള പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറുവാൻ ശ്രമിച്ചതോടെ പോലീസുമായി ഉന്തും തള്ളുമായി. ഇതിനിടെ സബ് കളക്ടർ ഫോണിൽ ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടി കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
കൊച്ചിയിലെ യുഡിഎഫ് കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ, കെ.എ. മനാഫ് , പ്രതിപക്ഷനേതാവ് ആന്റണി കുരിത്തറ, ബാസ്റ്റിൻ ബാബു, ഷൈല തദേവൂസ്, കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ, ബ്ലോക്ക് പ്രസിഡന്റ് പി.പി. ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.