നേര്യമംഗലത്ത് വനത്തിൽ കാട്ടുതീ
1532184
Wednesday, March 12, 2025 4:29 AM IST
കോതമംഗലം: നേര്യമംഗലത്ത് വനത്തിൽ വീണ്ടും കാട്ടുതീ. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് വനത്തിൽ തീ പിടിക്കുന്നത്. വന്‍ മരങ്ങള്‍ ഉള്‍പ്പെടെ തീപിടിച്ച് കത്തിയമർന്നു. ഒരു കിലോമീറ്ററിലധികം വനഭൂമിയില്‍ തീപിടിച്ചതായാണ് സംശയിക്കുന്നത്. വനപാലകര്‍ തീയണയ്ക്കാന്‍ തീവ്രയത്നത്തിലാണ്. നേര്യമംഗലം രണ്ടാംമൈലിന് സമീപം കല്യാണപാറ ഭാഗത്താണ് ഇന്നലെ ഉച്ചകഴിഞ്ഞ് കാട്ടുതീ കണ്ടത്.
നേര്യമംഗലം ടൗണില്‍നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. സന്ധ്യയ്ക്ക് ശേഷമാണ് തീയുടെ കാഠിന്യം കൂടുതല്‍ ദൃശ്യമായത്. അടിക്കാട് കത്തിയമര്‍ന്ന് മരങ്ങളിലേക്ക് തീപടരുകയാണ്. വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന വനത്തിലാണ് കാട്ടുതീ പടര്‍ന്നിരിക്കുന്നത്. രാത്രി വൈകിയും വനപാലകര്‍ തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.