എപ്പാർക്കിയൽ യൂത്ത് അസംബ്ലി
1532182
Wednesday, March 12, 2025 4:28 AM IST
മൂവാറ്റുപുഴ: യുവദീപ്തി കെസിവൈഎം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ ‘യുവജനങ്ങളുടെ വിഭവ ശേഷി - സഭയുടെയും സമൂഹത്തിന്റെയും സമഗ്ര പുരോഗതിക്കായി’ എന്ന ആശയത്തെ ആസ്പദമാക്കി മൂന്നാമത് എപ്പാർക്കിയൽ യൂത്ത് അസംബ്ലി നടന്നു.
മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന അസംബ്ലിയുടെ സമാപന സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ ആമുഖപ്രഭാഷണം നടത്തി.
ജീസസ് യൂത്ത് കോതമംഗലം സോണ്‍ ചാപ്ലിൻ ഫാ. പോൾ കാരക്കൊന്പിൽ, രൂപത ചെറുപുഷ്പ മിഷൻലീഗ് പ്രസിഡന്റ് ഡെൻസണ്‍ ഡോമിനിക്, കെസിവൈഎം രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, രൂപത ജനറൽ സെക്രട്ടറി ഹെൽഗ കെ. ഷിബു, സെക്രട്ടറി എബിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ആദർശങ്ങളിൽ അധിഷ്ഠിതമായി സാമൂഹിക രാഷ്ട്രീയ മാധ്യമ മേഖലകളിലെ യുവജന പങ്കാളിത്തം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അടിസ്ഥാന ജീവിത ദിശാബോധവും, പരസ്പര പിന്തുണയോടെയുള്ള സമുദായ ശാക്തീകരണം, സ്വയം ശാക്തീകരണത്തിലൂടെ സഭയോട് ചേർന്ന് എന്നിങ്ങനെ നാല് വിഷയങ്ങളിലായി വിവിധ മേഖലകളിൽ നിന്നുമുള്ള വിദഗ്ധർ ക്ലാസുകൾ നയിക്കുകയും തുടർന്ന് ഗ്രൂപ്പ് ചർച്ചകൾ നടത്തപ്പെടുകയും ചെയ്തു.
2033ലെ മഹാജൂബിലി വർഷത്തെ മുന്നിൽക്കണ്ട് വരുന്ന എട്ട് വർഷത്തേക്ക് യുവജന സംഘടനകളുടെയും യുവജനങ്ങളുടെയും വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അസംബ്ലിയിൽ കോതമംഗലം രൂപതയിലെ 112 ഇടവകകളിൽ നിന്നുമായി തെരഞ്ഞെടുത്ത 150 ഓളം യുവജനങ്ങൾ പങ്കെടുത്തു.