ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി
1532196
Wednesday, March 12, 2025 4:40 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മകം തൊഴലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 9.30 വരെ നടക്കുന്ന മകം തൊഴലിനായി സ്ത്രീകൾക്ക് പടിഞ്ഞാറെ ഗോപുരത്തിലൂടെയും പുരുഷന്മാരോടൊപ്പം വരുന്ന സ്ത്രീകൾക്ക് വടക്കേ പൂരപ്പറമ്പിൽ നിന്നുമാണ് ക്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ക്യൂ നിൽക്കുന്നതിനായി റോഡിലും പൂരപ്പറമ്പിലും പന്തൽ ഒരുക്കിയിട്ടുണ്ട്.
കുടിവെള്ളം, ലഘുഭക്ഷണം എന്നിവ നൽകുന്നതിനുള്ള ക്രമീകരണങ്ങൾക്കൊപ്പം ആരോഗ്യ വിഭാഗത്തിന്റെയും സേവനമുണ്ടാവും. 900ത്തോളം പോലീസുദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും വോളണ്ടിയർമാരും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തജനങ്ങളുടെ സേവനത്തിനായുണ്ട്.
ചോറ്റാനിക്കര ഗവ. ഹൈസ്കൂൾ സ്റ്റേഡിയത്തിലാണ് വാഹനങ്ങൾക്ക് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. കുടിവെള്ള വിതരണത്തിനായി പടിഞ്ഞാറെ നടയിൽ ചോറ്റാനിക്കര പഞ്ചായത്ത് പ്രത്യേകം വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഭക്തജനങ്ങൾക്കായി ഒരു കോടി രൂപയുടെ ഇൻഷ്വറൻസും ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്.