നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് : ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകുന്നു
1531598
Monday, March 10, 2025 4:54 AM IST
കൊച്ചി: നവീകരണം പുരോഗമിക്കുന്ന എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാകും. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബാക്കി രണ്ടു ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഒന്നാം പ്ലാറ്റ്ഫോം നോര്‍ത്ത് മേല്‍പ്പാലം വരെ നീട്ടുന്നതിനുള്ള പണികള്‍ പൂര്‍ത്തിയായി.
പ്ലാറ്റ്ഫോമിന് നീളം കൂട്ടിയതോടെ 26 കോച്ചുള്ള മുഴുവന്‍ ട്രെയിനുകളും സൗകര്യപ്രദമായി നിര്‍ത്താനാകും. ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. മള്‍ട്ടിലെവല്‍ വാഹന പാര്‍ക്കിംഗ് കെട്ടിടം, മലിനജല സംസ്കരണ പ്ലാന്റ് എന്നിവയുടെ പണികളും പുരോഗമിക്കുകയാണ്.
ആദ്യഘട്ടം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകും. അഞ്ചു നിലകളുളള കെട്ടിടസമുച്ചയമാണ് പുതിയതായി ഉയരുന്നത്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ പുതിയതിലേക്ക് മാറ്റും.
തുടര്‍ന്ന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി രണ്ടും മൂന്നും ഘട്ട നിര്‍മാണം നടത്താനാണ് നിലവിലെ നീക്കം.