കരുമാലൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം : പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ കുത്തിയിരുപ്പ്
1532174
Wednesday, March 12, 2025 4:17 AM IST
കരുമാലൂർ: വെളിയത്തുനാട് ഗവ. എംഐയുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയെ സിപിഎം വെളിയത്തുനാട് ലോക്കൽ കമ്മിറ്റി അംഗം മർദിച്ച സംഭവം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര കമ്മിറ്റിയിൽ പങ്കെടുക്കാതെ കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മുങ്ങിയെന്ന് ആരോപിച്ചു പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം.
ഇതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനാണു യോഗം വിളിച്ചു ചേർത്തത്. എന്നാൽ 19 അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ പങ്കെടുത്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
യുഡിഎഫ് അംഗങ്ങളായ എ.എം. അലി, ബീന ബാബു, ടി.എ. മുജീബ്, ഇ.എം. അബ്ദുൽ സലാം, കെ.എ. ജോസഫ്, കെ.എം. ലൈജു, സൂസൻ വർഗീസ്, നദീറ ബീരാൻ, ബിജെപി അംഗം കെ.എസ്. മോഹൻകുമാർ, സ്വതന്ത്ര അംഗം മുഹമ്മദ് മെഹജബ് എന്നിവർ സമരത്തിൽ പങ്കെടുത്തു.