ചിത്രപ്പുഴ-മാമല ബണ്ട് റോഡ് എലവേറ്റഡ് രീതിയിൽ നിർമിക്കാൻ സാധ്യതകളാരായുന്നു
1532161
Wednesday, March 12, 2025 4:09 AM IST
തിരുവാങ്കുളം: നാഷണൽ ഹൈവേ തിരുവാങ്കുളം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിഭാവനം ചെയ്ത ചിത്രപ്പുഴ-മാമല റോഡ് നിർമാണ കമ്മിറ്റി അവലോകന യോഗം ചേർന്നു.
നിലവിൽ റോഡ് നിർമാണത്തിന് പ്രധാന തടസമായി നിൽക്കുന്ന റിഫൈനറിയുടെ ഗ്യാസ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുവാൻ കമ്പനി ആവശ്യപ്പെട്ട 24 കോടി രൂപ നൽകാൻ സാധിക്കാത്തതിനാൽ നിർദിഷ്ട ബണ്ട് റോഡ് എലവേറ്റഡ് രീതിയിൽ നിർമിക്കാനുള്ള സാധ്യതകൾ യോഗം ആരാഞ്ഞു.
പൈപ്പ് ലൈനിനെ ബാധിക്കാത്ത നിലയിൽ ഡിസൈൻ തയാറാക്കാൻ പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗത്തോട് യോഗത്തിൽ നിർദേശിച്ചു. എൻഎച്ച് 85 ലെ തിരുവാങ്കുളം ജംഗ്ഷൻ വിപുലീകരണത്തിനായുള്ള ഡിപിആർ തയാറാക്കാൻ ഹൈവേ അധികൃതരോടും ആവശ്യപ്പെട്ടു. ബണ്ട് റോഡിനായി അനുവദിച്ചിരിക്കുന്ന 76 കോടി രൂപയുടെ പുതുക്കിയ കരാർ ഭരണാനുമതിക്കായി കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്.
നിർദിഷ്ടഎൻഎച്ച് 544നായി മാർക്ക് ചെയ്തിരിക്കുന്ന മറ്റക്കുഴി പ്രദേശം 30 വർഷങ്ങൾക്കു മുമ്പ് എൻഎച്ച് 85 നായി മാർക്ക് ചെയ്തിരിക്കുന്ന സ്ഥലവും തമ്മിൽ 15 മീറ്റർ മാത്രം വ്യത്യാസമുള്ളതിനാൽ എൻഎച്ച് 544 ലെ അലൈൻമെന്റ് എൻഎച്ച് 85 ലേയ്ക്ക് മാറ്റാൻ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
യോഗത്തിൽ അനൂപ് ജേക്കബ് എംഎൽഎ, കളക്ടർ എൻ.എസ്.കെ. ഉമേഷ്, തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ രമാ സന്തോഷ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.