സബ് കളക്ടർ വേലിയേറ്റ പ്രദേശങ്ങൾ സന്ദർശിച്ചു
1532169
Wednesday, March 12, 2025 4:17 AM IST
ഇടക്കൊച്ചി: വേലിയേറ്റ വെള്ളക്കെട്ട് പരിഹരിക്കുവാൻ സബ് കളക്ടർ ഇടപെടുന്നില്ലെന്നാരോപിച്ച് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആർഡിഒ ഓഫീസ് ഉപരോധത്തിനു പിന്നാലെ ഇടക്കൊച്ചിയിലെ വേലിയേറ്റപ്രദേശങ്ങൾ സബ് കളക്ടർ കെ. മീര സന്ദർശിച്ചു.
ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സബ് കളക്ടറുടെ സന്ദർശനം. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, നാട്ടുകാർ എന്നിവരോടൊപ്പമാണ് ദുരിത പ്രദേശങ്ങൾ സന്ദർശിച്ചത്.
വേലിയേറ്റം മൂലം തകർന്ന വീടുകളിൽ സബ് കളക്ടർ നേരിട്ടെത്തി. ഇവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.
സംരക്ഷണഭിത്തികളും സ്ളൂയിസും നിർമിക്കുന്നതിനുള്ള പദ്ധതി അടിയന്തിരമായി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറുമായി ചർച്ച ചെയ്ത് സർക്കാരിന് ശുപാർശ നൽകും. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിൽ കാണുമെന്നും സബ് കളക്ടർ പറഞ്ഞു.