രാജഗിരി അറ്റ് ഹോം പദ്ധതിക്ക് തുടക്കം
1532168
Wednesday, March 12, 2025 4:17 AM IST
കൊച്ചി: ആശുപത്രിയില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്ന രാജഗിരി അറ്റ് ഹോം പദ്ധതിക്ക് തുടക്കമായി. ആലുവ രാജഗിരി ആശുപത്രിയില്‍ നടന്ന പരിപാടി നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. കിടപ്പിലായവര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും ആശുപത്രി സന്ദര്‍ശിക്കാതെ തന്നെ വൈദ്യസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.
ഡോക്ടര്‍, നഴ്സ് സേവനങ്ങളോടൊപ്പം ഫിസിയോതെറാപ്പി, ഇസിജി, എക്സ്റേ, സ്ലീപ് സ്റ്റഡി, ലാബ് പരിശോധനകള്‍ എന്നിവ പദ്ധതിവഴി ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിളളി പറഞ്ഞു. പ്രസവാനന്തര ആയുര്‍വേദ പരിചരണവും ടെലിമെഡിസിന്‍ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍, നഴ്സ്, ഹെല്‍ത്ത് അസിസ്റ്റന്റ് എന്നിവരടങ്ങുന്നതാണ് ഹോം ഹെല്‍ത്ത് ടീം.
വീടുകളില്‍ തന്നെ ഐസിയു സജ്ജീകരിക്കല്‍, ഡയാലിസിസ് എന്നിവ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഹോം ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. ആശ ജോസ് പറഞ്ഞു.
തുടക്കത്തില്‍ ആശുപത്രിയുടെ 35 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെ സേവനം ലഭ്യമാകും. രാജഗിരി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍: 8281772126, 0484 2905000.