നെല്ലിമറ്റം എംബിറ്റ്സ് എൻജി. കോളജിൽ 50 കിലോവാട്ട് സൗരോർജ പ്ലാന്റുമായി വിദ്യാർഥികൾ
1531949
Tuesday, March 11, 2025 7:12 AM IST
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജിൽ വിദ്യാർഥികൾ നിർമിച്ച 50 കിലോവാട്ട് സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2020-24 ബാച്ച് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിദ്യാർഥികൾ തങ്ങളുടെ അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് കോളജിൽ 50 കിലോവാട്ടിന്റെ പ്ലാന്റ് തയാറാക്കിയത്. കോളജ് മാനേജ്മെന്റിന്റെ ധന സഹായത്തോടെയാണ് പ്ലാന്റ്. 20 ലക്ഷമാണ് വിദ്യാർഥികളുടെ പ്രോജക്ടിനായി മാനേജ്മന്റ് നൽകിയത്.
കോളജിലെ 2016-20 ബാച്ച് ഇലക്ട്രിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമായ റെൻവോൾട്ട് എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടെക്നിക്കൽ സപ്പോർട്ടോടുകൂടിയാണ് നിർമാണം പൂർത്തിയത്. സംസ്ഥാനത്ത് കോളജിൽ വിദ്യാർഥികളുടെ ശ്രമഫലമായിട്ടുള്ള ആദ്യത്തെ സൗരോർജ പ്ലാന്റാണിതെന്ന് വിദ്യാർഥികൾ പറഞ്ഞു.
പ്ലാന്റിലൂടെ ദിവസവും 220 യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാകും. ഈ വൈദ്യുതി കോളജിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും മിച്ചമുള്ളത് കെഎസ്ഇബി ലൈനിലേക്ക് നൽകാൻ കഴിയുന്ന തരത്തിലാണ് പ്രോജക്ടിന്റെ രൂപകല്പന. പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് നിർവഹിച്ചു. കോളജ് ചെയർമാൻ കെ.പി മാത്യു അധ്യക്ഷത വഹിച്ചു.
മാർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് തച്ചിയത്തുകുടി അനുഗ്രഹ പ്രഭാഷണം നടത്തി. ട്രഷറർ ബിനു കെ. വർഗീസ്, ട്രസ്റ്റ് ചെയർമാൻ എം.എസ്. എൽദോസ്, ഡയറക്ടർ ഡോ. ഷാജൻ കുര്യാക്കോസ്, പ്രിൻസിപ്പൽ ഡോ. തോമസ് ജോർജ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യൂസ്, ലാൽ വർഗീസ് അപ്പക്കൽ, കോളജ് സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. അരുണ്‍ എൽദോ ഏലിയാസ് നന്ദിയും എന്നിവർ പ്രസംഗിച്ചു.
ഡോ. അരുണ്‍ എൽദോ ഏലിയാസിന്റെ നേതൃത്വത്തിൽ കെ.പി. ഷഹബാസ്, അനന്ദു രാജൻ, അഫ്സൽ ബഷീർ, അപ്പു സുബ്രമണ്യൻ, ജോർജ് മാത്യു, കെ.പി. അർഷാദ്, ആൽഫിൻ റോയ്, ഏലിയാസ് ബേബി, ഐഡൽ ഡിൻസ്റ്റൈൻ, ജി.ആർ. അശ്വിൻ, സിറിൽ ചാക്കോ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് മൂന്നുമാസം കൊണ്ട് പ്രോജക്ട് പൂർത്തിയാക്കിയത്.