വ്യാജ ആധാർ കാർഡ് നിർമാണം; ഒരാൾകൂടി അറസ്റ്റിൽ
1532192
Wednesday, March 12, 2025 4:40 AM IST
പെരുമ്പാവൂർ: വ്യാജ ആധാർ കാർഡ് നിർമാണ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആസാം മരിഗാൻ സരുചല സ്വദേശി റെയ്ഹാൻ ഉദ്ദീൻ (20) നെയാണ് പെരുമ്പാവുർ പോലീസ് അറസ്റ്റു ചെയ്തത്. വ്യാജ ആധാർ കാർഡ് നിർമിക്കുന്നതിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, ലാമിനേഷൻ മെഷീൻ, കളർ ഫോട്ടോസ്റ്റാറ്റ് പ്രിന്റർ, ലാമിനേഷൻ കവറുകൾ, 25,000 രൂപ എന്നിവ കണ്ടെടുത്തു.
ആസാമിൽനിന്നു തന്നെയുള്ള ഹാരിജുൽ ഇസ്ലാമിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുനിസിപ്പൽ കെട്ടിടത്തിൽ മൈ-ത്രി മൊബൈൽസ് എന്ന ഷോപ്പ് നടത്തി അതിലായിരുന്നു വ്യാജ കാർഡ് നിർമാണം.
ഒരു സ്ത്രീയുടെ പേരിൽ പുരുഷന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ കാർഡ് നിർമിച്ച് പ്രിന്റിംഗിന് തയാറെടുക്കുമ്പോഴാണ് പിടിയിലാകുന്നത്. എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ എസ്ഐമാരായ പി.എം. റാസിഖ്, റിൻസ് എം. തോമസ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.