മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട്: തെക്കേ ചേരുവാരം ഭാരവാഹികൾക്ക് എതിരെയും കേസ്
1532197
Wednesday, March 12, 2025 4:40 AM IST
മരട്: മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് തെക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെയും മരട് പോലീസ് കേസെടുത്തു. ചേരുവാരം പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റിയംഗങ്ങൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി 10ന് രാത്രി 9.30 മുതൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തെക്കേ ചേരുവാരത്തിന്റെ ഭാരവാഹികൾ ക്ഷേത്രത്തിന് തെക്ക് വശത്തുള്ള രണ്ട് ഗ്രൗണ്ടുകളിലായി നിയമപരമായ അനുമതി ഇല്ലാതെ ഉപയോഗിക്കാൻ പാടില്ലാത്തതും എളുപ്പം തീ പിടിക്കുന്നതുമായ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്തിയെന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്.
ഒന്പതിന് രാത്രി നടത്തിയ വെടിക്കെട്ടിനെ തുടർന്ന് ഇതേ എഫ്ഐആർ ഇട്ട് വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെയും മരട് പോലീസ് കേസെടുത്തിരുന്നു. പോലീസ് സ്റ്റേഷന് തൊട്ടു മുന്നിലായിട്ടുള്ള ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലും നിയമവിരുദ്ധ വെടിക്കെട്ട് അരങ്ങേറിയത്.
ആദ്യ ദിവസം നിയമവിരുദ്ധ വെടിക്കെട്ടിന് സാക്ഷിയായ മരട് പോലീസ് രണ്ടാം ദിവസവും നിയമവിരുദ്ധ വെടിക്കെട്ടിന് ഒത്താശ ചെയ്യുകയായിരുന്നുവെന്നും പിന്നീടുള്ള കോടതി ഇടപെടലുകളിൽ നിന്ന് തലയൂരാനായിട്ടാണ് എഫ്ഐആർ ഇട്ടതെന്നും ആക്ഷേപമുണ്ട്.