ഇലഞ്ഞി പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം!
1531950
Tuesday, March 11, 2025 7:12 AM IST
ഇലഞ്ഞി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. കാലാനിമറ്റം, ശീമാൻകുന്ന് പന്പ് ഹൗസുകളിലായി അഞ്ച് പുതിയ മോട്ടോർ പന്പ് സെറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ശനിയാഴ്ച തുടങ്ങി. ശീമാൻകുന്നിൽ രണ്ടും കാലാനിമറ്റത്തും കുടിവെള്ള വിതരണത്തിനായി മൂന്ന് മോട്ടോറുകളാണ് സ്ഥാപിക്കുന്നത്. കാലാനിമറ്റത്ത് തകരാറിലായ വയറിംഗ് സംവിധാനങ്ങളും മാറ്റും.
2021-22 പദ്ധതിയിലുൾപ്പെടുത്തി മോട്ടോറുകൾ സ്ഥാപിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സാമഗ്രികളുടെ വിലക്കൂടുതൽ കാരണം കരാറുകാർ പണി ഏറ്റെടുക്കാൻ തയാറായില്ല. കുടിവെള്ളം മുടങ്ങുന്നത് പതിവായതോടെ സമരങ്ങളും തുടങ്ങി. പഞ്ചായത്തംഗം ജോർജ് ചന്പമലയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രി മുന്പാകെ കുടിവെള്ള പ്രശ്നം അവതരിപ്പിച്ചു. ജനപ്രതിനിധികൾ രംഗത്തെത്തിയതോടെ ജല അഥോറിറ്റി ടെൻഡർ നടപടികൾ പൂർത്തിയാക്കി പണികൾ ആരംഭിച്ചു.
പിറവം കക്കാടു നിന്ന് കാലാനിമറ്റത്തും ശീമാൻകുന്നിലും വെള്ളമെത്തിച്ച് കൂരുമല നെല്ലൂരുപാറ, കൈപ്പഞ്ചാൽ മുകളേത്തട്ട്, ആലപുരം, വിലങ്ങപ്പാറ, കുളങ്ങരപ്പടി എന്നിവിടങ്ങളിൽ ജലവിതരണം നടത്തും. എന്നാൽ പഴകിയ ജല വിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.