സിവില്‍ സ്റ്റേഷനില്‍ ശുചീകരണ യജ്ഞം 15ന്
1531955
Tuesday, March 11, 2025 7:20 AM IST
കൊച്ചി: മാലിന്യമുക്ത നവകേരളത്തിനൊപ്പം അണിചേരാനൊരുങ്ങി എറണാകുളം ജില്ലാ ഭരണ സിരാകേന്ദ്രം. 15ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. രാവിലെ ഒമ്പതു മുതല്‍ ഉച്ച വരെയാണു യജ്ഞം.
യജ്ഞത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന് പരിസരവും മുഴുവന്‍ ഓഫീസുകളും മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. കളക്ടറേറ്റ് ഉള്‍പ്പെടെ 85 ഓഫീസുകളാണ് ജില്ലാ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ആയിരക്കണക്കിനാളുകൾ ദിനംപ്രതി എത്തുന്ന സിവില്‍ സ്റ്റേഷനില്‍ മാലിന്യ സംസ്കരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.
ജീവനക്കാര്‍ക്ക് പുറമേ തൃക്കാക്കര നഗരസഭ, ശ്വചിത്വ മിഷന്, കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍, നെഹ്റു യുവകേന്ദ്ര, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തുടങ്ങിയവരും ശുചീകരണ യജ്ഞത്തിന്റെ ഭാഗമാകും. ശുചീകരണത്തിനുശേഷവും മാലിന്യ സംസ്കരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്നതും കെട്ടിക്കിടക്കുന്നതുമായ രീതിയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കുന്നതിനായി എല്ലാ ഓഫീസുകളിലും ചവറ്റുകുട്ടകള്‍ സ്ഥാപിക്കണം. അതത് ഓഫീസുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ മാലിന്യ സംസ്കരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് സ്പാര്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.