കുപ്പിവെള്ള ലോബിക്ക് കുശാല്‍ : പരിശോധനകള്‍ പേരിനു മാത്രം
1532190
Wednesday, March 12, 2025 4:40 AM IST
കൊച്ചി: വേനല്‍ കടുത്തതോടെ കുപ്പിവെള്ള ലോബിക്ക് ചാകര. പകര്‍ച്ചവ്യാധികളടക്കം ജലജന്യരോഗങ്ങള്‍ ജില്ലയില്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നതോടെ കുപ്പിവെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര പരിശോധനകള്‍ പേരിന് മാത്രമാണ് ജില്ലയില്‍ നടക്കുന്നത്.
ചൂട് കൂടിയതോടെ പ്രവര്‍ത്തനം നിലച്ച കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളും സജീവമായിത്തുടങ്ങി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേർഡ്സിന്റെ പരിശോധനകള്‍ കാര്യക്ഷമല്ലാത്തതിനാല്‍ വെള്ളത്തിന്റെ ഗുണനിലവാരം കണ്ടെത്താനും തടയാനും കഴിയാത്ത സാഹചര്യമാണുള്ളത്.
പോളി എത്തിലീന്‍ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികള്‍ നിർമിക്കുന്നത്. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടായി പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങും. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീന്‍ ഉപയോഗിച്ചുള്ള ലേബല്‍ പതിക്കാന്‍ ഉപയോഗിക്കുന്ന പശയും വില്ലനാണ്.
പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും ഇവ പാലിക്കപ്പെടുന്നില്ല.
വേനലായതോടെ ഐഎസ്ഐ മുദ്ര ഇല്ലാത്തതും പ്ലാസ്റ്റിക് ബോട്ടിലില്‍ സീല്‍ ഇല്ലാത്തതുമായ നിരവധി കമ്പനികളുടെ കുപ്പിവെള്ളവും സുലഭമാണ്.