റോഡ് വികസനം; നഗരത്തിൽ പൊടിശല്യം
1532179
Wednesday, March 12, 2025 4:28 AM IST
മൂവാറ്റുപുഴ: റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ പൊടിശല്യം രൂക്ഷം. പൊടിക്ക് ഒപ്പം കനത്ത ചൂടുമായതോടെ കാൽനട യാത്രക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും അവസ്ഥ ദയനീയമായിരിക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങൾ വെള്ളമൊഴിച്ച് നനച്ചാൽ പ്രശ്നപരിഹാരമാകുമെങ്കിലും ബന്ധപ്പെട്ടവർ അതിന് തയാറാവുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നഗര റോഡ് വികസനത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുന്നതും കലുങ്കുകൾ നിർമിക്കുന്നതുമാണ് ഇപ്പോൾ എംസി റോഡിൽ നടക്കുന്നത്. കുടിവെള്ള പൈപ്പുകൾ, ടെലഫോണ്‍, വൈദ്യുത കേബിളുകൾ തുടങ്ങിയവ കൊണ്ടുപോകുന്നതിനുമുള്ള ചേംബറുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് അരമനപ്പടി മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിലാണ് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്.
പൊടിശല്യം മൂലം നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും ദുരിതത്തിലാണ്. വ്യാപാര സ്ഥാപാനങ്ങളിലെ ജീവനക്കാരിൽ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് പൊടിശല്യം സൃഷ്ടിക്കുന്നതെന്നും കച്ചവട സാധനങ്ങൾ പൊടിപിടിച്ച് നശിക്കുകയാണെന്നും മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ പറഞ്ഞു. വെള്ളമൊഴിച്ച് പൊടിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെും ആവശ്യം.