ദേശം ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്ക്
1532158
Wednesday, March 12, 2025 4:09 AM IST
മുന്നൊരുക്കമില്ലാതെ ട്രാഫിക് സിഗ്നലുകൾ മിഴി തുറന്നു
നെടുമ്പാശേരി: മുന്നൊരുക്കമില്ലാതെ ദേശം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ വീണ്ടും തെളിഞ്ഞതോടെ ഇവിടെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ക്രമീകരണങ്ങളോ പഠനങ്ങളോ നടത്താതെ പെട്ടെന്ന് സിഗ്നൽ ഏർപ്പെടുത്തിയ നടപടി മൂലം പ്രദേശവാസികളും ദീർഘദൂര യാത്രക്കാരും ചൊവ്വര ഭാഗങ്ങളിലേക്ക് പോകുന്നതടക്കമുള്ള ജനങ്ങൾക്ക് സമയനഷ്ടവും യാത്രദുരിതവും അനുഭവപ്പെടുന്നതായാണ് പരാതി.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയഷൻ അധികാരികളോട് ആവശ്യപ്പെട്ടു. ജനുവരി ആദ്യ വാരത്തിൽ ഇതേ രീതിയിൽ സിഗ്നൽ പ്രവർത്തിപ്പിച്ചുവെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമായതിനേതുടർന്ന് നിർത്തിവച്ചിരുന്നു.
ആലുവ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര പറമ്പയം പാലം കടന്നും അങ്കമാലി ഭാഗത്തേക്കുള്ള നിര കുന്നുംപുറം ജംഗ്ഷൻ കഴിഞ്ഞും നീളുകയാണ്. ഇപ്രകാരം ഉണ്ടാവുന്ന വാഹനങ്ങളുടെ നിര പിന്നീട് ഒരിക്കലും കുറയുന്നുമില്ല.
വൻ ഗതാഗതക്കുരുക്ക് കഴിഞ്ഞ് ആലുവ, തോട്ടയ്ക്കാട്ടുകര, പറവൂർ കവല പിന്നിട്ടും അങ്കമാലി, അത്താണി കഴിഞ്ഞും എത്തുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ അപ്രതീക്ഷിതമായി വീണ്ടും കുരുക്കിൽ അകപ്പെടുന്ന അവസ്ഥയാണ്.
ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് സിഗ്നൽ ലൈറ്റിന് ചുവട്ടിൽ തന്നെയാണ് നിലവിലുള്ളത്. ചൊവ്വര റെയിൽവേ ഗേറ്റ് തുറന്നശേഷം കൂട്ടമായി എത്തുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നതിന് ഇത് തടസം ഉണ്ടാക്കുന്നുണ്ട്. കാലടി മലയാറ്റൂർ ഭാഗങ്ങളിലേക്കുള്ള 22 ബസുകൾ ഈ ജംഗ്ഷനിൽ നിന്നുമാണ് വഴി തിരിഞ്ഞു പോകുന്നത്. കൂടാതെ അത്താണി, എളവൂർ, മാഞ്ഞാലി, മാള, കണക്കൻകടവ്, എയർപോർട്ട് ഭാഗങ്ങളിലേക്ക് 30 ബസുകളും സർവീസ് നടത്തുന്നുണ്ട്.
ഗതാഗതക്കുരുക്ക് മൂലം സമയക്രമം പാലിക്കാനാവാതെ വരുന്നതിനാൽ സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. മഠത്തിമൂല ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങൾ യൂ ടേൺ സൗകര്യം ഇല്ലാത്തതിനാൽ മസ്ജിദിനു മുന്നിലൂടെ തെറ്റായ ദിശ വഴിയാണ് കടന്നുപോകുന്നത്. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു.
തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് നിയന്ത്രിക്കുന്നതിന് പോലീസിനെ നിയോഗിക്കുന്നതിനും ശാസ്ത്രീയ പഠനം നടത്തി ബസ് സ്റ്റോപ്പുകൾ പുനക്രമീകരണം നടത്തുന്നതിനും ജംഗ്ഷനിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി-കാലടി- അത്താണി മേഖല ഭാരവാഹികളായ ഏ.പി. ജിബി, ബി.ഒ. ഡേവിസ്, ടി.എസ്. സിജുകുമാർ എന്നിവർ ആവശ്യപ്പെട്ടു.