പെട്ടിക്കടയിലേക്ക് കാർ ഇടിച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
1532191
Wednesday, March 12, 2025 4:40 AM IST
കോതമംഗലം: നെല്ലിമറ്റത്ത് കരിക്ക് വിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി വില്പനക്കാരിയായ യുവതി മരിച്ചു. നെല്ലിമറ്റം ലക്ഷംവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ലബ്ബക്കട സ്വദേശി പനതോട്ടത്തിൽ ശ്രീലാലിന്റെ ഭാര്യ ശുഭ സുരേഷാണ് (33) മരിച്ചത്. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. കടയിലേക്ക് ഇടിച്ചുകയറിയ കാർ ശുഭയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്നവർ ഉടൻ കാർ ഉയർത്തി ശുഭയെ പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡരികിൽ കരിക്കും കൂൾഡ്രിംഗ്സും വിൽക്കുന്ന കടയാണ് ശുഭ നടത്തിയിരുന്നത്. മൂന്നാർ ഭാഗത്തു നിന്നു വന്ന ടാക്സി കാർ നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്.
ഇയാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. പെട്ടിക്കട പൂർണമായും തകർന്നു. ഒരു മാസം മുന്പാണ് ശുഭ പെട്ടിക്കട തുടങ്ങിയത്. സമീപകാലത്താണ് ഇവർ നെല്ലിമറ്റത്ത് താമസം തുടങ്ങിയതും. ശ്രീലാൽ-ശുഭ ദന്പതികൾക്ക് രണ്ട് മക്കളുണ്ട്. ശുഭയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.