സീസൺ കഴിഞ്ഞിട്ടും തീരം വിടാൻ ചാളയ്ക്ക് മടി
1531597
Monday, March 10, 2025 4:54 AM IST
വൈപ്പിൻ: സീസൺ കഴിഞ്ഞിട്ടും കൊച്ചിയുടെ തീരം വിടാൻ ചാളയ്ക്ക് മടി. കഴിഞ്ഞ ജൂൺ മുതൽ തീരത്ത് വൻ തോതിൽ കണ്ടുവരുന്ന ചെറിയ ചാളയുടെ സാന്നിധ്യം ഇന്നും തുടരുന്നതിനാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ ഇപ്പോഴും ഉത്സവ ലഹരിയിലാണ്.
ദിവസവും പുലർച്ചെയും വൈകുന്നേരങ്ങളിലും തീരത്ത് നീട്ടുന്ന വലകളിൽ ഒരു കണ്ണിക്ക് ഒന്ന് എന്ന കണക്കിലാണ് ചാള വലയിൽ ഉടക്കുന്നത്. ഇതാകട്ടെ തീരത്ത് വച്ച് പേർത്ത് എടുക്കാൻ നിൽക്കാതെ മത്സ്യത്തൊഴിലാളികൾ വലയുൾപ്പെടെ ഓട്ടോയിൽ കയറ്റി വില്പനക്കായി നേരെ പാതയോരത്തേക്ക് വരുകയാണ് ചെയ്യുന്നത്.
ഐസ് തൊടാത്ത ഫ്രഷ് ചാള
ഐസ് തൊടാതെ നേരിട്ടു കടലിൽ നിന്ന് പാതയോരത്തേക്ക് എത്തിച്ച് ആവശ്യക്കാർക്ക് ഫ്രഷ് ചാള നൽകുന്ന പുതിയ സംസ്കാരമാണ് വൈപ്പിനിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾ ഇപ്പോൾ തുടർന്നുവരുന്നത്. ചെറായി, കുഴുപ്പിള്ളി, എടവനക്കാട് മേഖലകളിൽ ഈ രീതിയിലുള്ള പാതയോര മത്സ്യവില്പന ഇപ്പോൾ പതിവാണ്.
ഇടനിലക്കാരില്ലാത്ത കച്ചവടമായതിനാൽ വില കുറച്ചാണ് വില്പന. ഒരു കിലോ 100 രൂപക്ക് തുടങ്ങുന്ന കച്ചവടം ഇടക്ക് വച്ച് ഒന്നര കിലോ 100 രൂപയാകും. പിന്നീട് നേരം വൈകിയാൽ ഇത് രണ്ടു കലോ 100 ആകും. റോഡിലൂടെ പോകുന്നവർ പലരും ഫ്രഷ് ചാളയും വാങ്ങിയാണ് വീട്ടിലേക്ക് മടക്കം.
ചാള അകന്ന് നിന്നത് രണ്ടുവർഷം
കഴിഞ്ഞ ജൂണിനു തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളിൽ കൊച്ചി തീരത്ത് ചാളയുടെ സാന്നിധ്യം വളരെ കുറഞ്ഞിരുന്നു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം മൂലം ചാള കൊച്ചി തീരത്തുനിന്ന് അകന്നതാണെന്നായിരുന്നു അന്ന് മത്സ്യമേഖലയിലെ മുൻഗാമികളും ഗവേഷകരും ചൂണ്ടിക്കാണിച്ച കാരണം.
ഒരു പരിധിവരെ ഇത് വാസ്തവവുമായിരുന്നു. തുടർന്ന് അന്നത്തെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷ് മുൻകൈയെടുത്ത് മത്സ്യത്തൊഴിലാളികളിൽ ബോധവത്കരണ നടത്തുകയും ഒപ്പം കർശന നിയമനടപടികൾ സ്വീകരിക്കു കയും ചെയ്തിരുന്നു.