60,000 രൂപയുടെ ലോട്ടറികളും പണവും കവർന്നു
1531945
Tuesday, March 11, 2025 7:12 AM IST
വാഴക്കുളം: ലോട്ടറി വില്പനശാലയിൽ മോഷണം. വില്പനയ്ക്കായി കരുതിയിരുന്ന ലോട്ടറികളും പണവും നഷ്ടപ്പെട്ടു. വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ ബിൽഡിംഗിലുള്ള ടിഎംകെ ലോട്ടറിക്കടയിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. 60000 രൂപയുടെ ലോട്ടറികളും ആയിരം രൂപയും നഷ്ടപ്പെട്ടു. ഒരു വശത്തു മാത്രം താഴിട്ടു പൂട്ടിയിരുന്ന ഷട്ടറിന്റെ മറ്റേ വശം ഉയർത്തി അടിയിലൂടെയാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്.
രാവിലെ കട തുറക്കാനെത്തിയപ്പോൾ ഷട്ടറിന്റെ ഇടതു ഭാഗം ഉയർത്തിയ നിലയിൽ കാണുകയായിരുന്നു. ഇന്നലെയും ഇന്നുമായി നറുക്കെടുക്കുന്ന ലോട്ടറികളാണ് നഷ്ടപ്പെട്ടത്. ബാക്കി നൽകാൻ ചില്ലറയായി സൂക്ഷിച്ചിട്ടുള്ള ആയിരത്തോളം രൂപയും മോഷ്ടാവ് അപഹരിച്ചു.
തൊട്ടടുത്തുള്ള ഇരുന്പുപണിശാലയുടെ സമീപത്തു നിന്ന് ആയുധവുമായി രാത്രി പന്ത്രണ്ടോടെ ഒരാൾ നടക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇന്നലെ വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.