ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് 1.280 കിലോ കഞ്ചാവ് പിടികൂടി
1531962
Tuesday, March 11, 2025 7:21 AM IST
നെടുമ്പാശേരി: പാലപ്രശേരി തേറാട്ടിക്കുന്നിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന വാടക വീട്ടിൽ നിന്ന് 1.280 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി 7.40ഓടെയാണ് കഞ്ചാവ് കണ്ടെടുത്തത്. ഒരുമിച്ച് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കേറ്റമാണ് കഞ്ചാവ് വില്പനയെക്കുറിച്ചുള്ള വിവരം പുറത്തറിയാൻ ഇടയാക്കിയത്.
താമസക്കാരിൽ കൂടുതൽ പേരും കെട്ടിട നിർമാണം, മരം വെട്ട് തുടങ്ങിയ തൊഴിലാണ് ചെയ്യുന്നവരാണ്. ഇവർ തമ്മിൽ വഴക്കുണ്ടായപ്പോൾ ഒരാൾ ഹിന്ദി അറിയാവുന്ന മലയാളികളായ യുവാക്കളെ കഞ്ചാവ് വില്പന സംബന്ധിച്ച വിവരം ഫോണിലൂടെ അറിയിച്ചു. യുവാക്കൾ സ്ഥലത്തെത്തിയപ്പോഴേക്കും കഞ്ചാവ് കൈവശം വച്ചിരുന്ന തൊഴിലാളി കഞ്ചാവ് പൊതി വലിച്ചെറിയുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. ത്രാസും പിടിച്ചെടുത്തു. ഇവിടെ കഞ്ചാവ് വില്പന നടക്കുന്നതായുള്ള സൂചനയും പോലീസിന് ലഭിച്ചു. കഞ്ചാവ് വലിച്ചെറിഞ്ഞ തൊഴിലാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചാക്ക് കണക്കിന് കഞ്ചാവ് വിപണനമാണ് സ്റ്റേഷൻ പരിധിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. വാടക വീട്ടിൽനിന്ന് കണ്ടെടുത്ത കഞ്ചാവ് വില്പന കഴിഞ്ഞ് ശേഷിക്കുന്നതാണെന്നും കഞ്ചാവ് കേസിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായി പറഞ്ഞു.