പ്രതിപക്ഷ പ്രമേയത്തെ പിന്തുണച്ച് ഭരണപക്ഷ കൗണ്‍സിലർ
1531956
Tuesday, March 11, 2025 7:20 AM IST
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പാലാരിവട്ടം ഭാഗത്തെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലറും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ വി.കെ. മിനിമോള്‍ അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണയുമായി ഭരണപക്ഷ കൗണ്‍സിലര്‍. സിപിഐ അംഗവും പാലാരിവട്ടം കൗണ്‍സിലറുമായ ജോജി കുരിക്കോടാണ് പ്രദേശത്തെ കടകള്‍ പൊളിച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുള്ള പ്രമേയത്തില്‍ അനുവാദകനായത്.
മെട്രോ നിര്‍മാണത്തിന് ആവശ്യംവരുന്ന ഭൂമി മാത്രം ഏറ്റെടുത്തതോടെ പാതി മുറിച്ച് മാറ്റിയത് പോലെയാണ് പല കടകളും. ഇവര്‍ക്കിവിടെ പാര്‍ക്കിംഗിന് സ്ഥലം ഒരുക്കാനോ റോഡില്‍ നിന്ന് നിശ്ചിത അളവ് മാറ്റി പുതിയ കട നിര്‍മിക്കാനോ കഴിയില്ല. കൂടാതെ നിലവിലുളള കടയില്‍ നിന്നും ഉയരത്തിലാണ് കാനയുടെ നിര്‍മാണ പ്രവര്‍ത്തികളും നടക്കുന്നതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സെന്റ് മാര്ട്ടിന് ജംഗ്ഷന് മുതല്‍ പാലാരിവട്ടം പൈപ്പ്ലൈന് സിഗ്നല്‍ വരെയുളള 70 ഓളം വ്യാപാരികളാണ് ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നത്. പാര്‍ക്കിംഗിനുളള സ്ഥലം അനുവദിക്കാത്ത പക്ഷം അവര്‍ക്ക് കൊമേഴ്ഷ്യല്‍ ലൈസന്‍സ് കൊടുക്കാനാകാത്ത സ്ഥിതിയാണുളളത്. അതോടെ ആ കെട്ടിടങ്ങള്‍ ഉപയോഗശൂന്യമാകുമെന്നും മിനിമോള്‍ കൂട്ടിച്ചേര്‍ത്തു. കടകള്‍ പൊളിച്ചു പണിയാന്‍ ബില്‍ഡിംഗ് റൂളില്‍ ഇളവ് നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യവും പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാപാരികളുടെ ആവശ്യം ന്യായമാണെന്നും കോര്‍പറേഷന്റെ ഭാഗത്തുനിന്നും അവര്‍ക്ക് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കേണ്ടിവരുമെന്നും ജോജി കുരിക്കോട് പറഞ്ഞു. ബില്‍ഡിംഗ് റൂള്‍ നിയമസഭ പാസാക്കിയത് ആയതിനാല്‍ ഒരു പ്രദേശത്തെ വ്യാപാരികള്‍ക്ക് മാത്രം ഇളവ് നല്‍കുന്നത് പ്രായോഗികമാകുമെന്ന് കരുതുന്നില്ലെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു. പ്രമേയം സംസ്ഥാന സര്‍ക്കാരിലേക്ക് നല്‍കാമെന്നും മേയര്‍ അറിയിച്ചു.